Crime Featured

കടം വാങ്ങിയ 300 രൂപയ്ക്ക് വിഷം, കടം പെരുകിയതോടെ ആത്മഹത്യ; വില്ലത്തി സിന്ധു നയിച്ചത് ആഡംബര ജീവിതം

തിരുവനന്തപുരം: വിശ്വസിച്ച് ഏൽപ്പിച്ച എഴുപതോളം പവൻ സ്വർണം തിരികെ ലഭിക്കില്ലെന്ന ആശങ്കയും കടബാധ്യതയുമാണ് വിഴിഞ്ഞത്ത് രണ്ട് യുവതികളെ ആത്മഹത്യയിലേക്ക് നയിച്ചത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികളായ അഞ്ജു (28), ഐശ്വര്യ (32) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ മാസം 30-ന് കടയിൽനിന്ന് വാങ്ങിയ ശീതളപാനീയത്തിൽ വിഷം കലർത്തി ഇരുവരും കോവളം ബീച്ചിലെത്തി കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസിൽ അറസ്റ്റിലായ സിന്ധുകുമാരി (53) എന്ന സ്ത്രീയുടെ ചതിയിൽപെട്ടാണ് തങ്ങൾ ജീവനൊടുക്കുന്നതെന്ന് യുവതികളുടെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

മരണത്തിന് ഒരാഴ്ച മുൻപും യുവതികൾ സിന്ധുവിനെ കണ്ട് സ്വർണം തിരികെ ചോദിച്ചിരുന്നു. എന്നാൽ സ്വർണം വാങ്ങിയതിന് തെളിവില്ലെന്നും തിരികെ തരില്ലെന്നും അവർ നിലപാടെടുത്തു. മരിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്ന് പറഞ്ഞപ്പോൾ പോയി ചാകാനാണ് സിന്ധു മറുപടി നൽകിയതെന്ന് ബന്ധുക്കൾ പറയുന്നു. ഇതോടെ മനംനൊന്ത് ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഐശ്വര്യയുടെ ബന്ധുവിൽ നിന്ന് 300 രൂപ കടം വാങ്ങിയാണ് ഇവർ വിഷം വാങ്ങിയത്. വിഷം കഴിച്ച ശേഷം, തനിക്ക് വയറുവേദനയും ഭക്ഷ്യവിഷബാധയുമാണെന്നാണ് അഞ്ജു വീട്ടുകാരോട് പറഞ്ഞത്. അതിനാൽ കൃത്യമായ ചികിത്സ കിട്ടാൻ വൈകുകയും ഞായറാഴ്ച അഞ്ജു മരണപ്പെടുകയും ചെയ്തു. ഗുരുതരാവസ്ഥയിലായിരുന്ന ഐശ്വര്യയും വിഷം കഴിച്ച വിവരം വൈകിയാണ് വീട്ടുകാരോട് പറഞ്ഞത്. തിങ്കളാഴ്ച രാവിലെ ഐശ്വര്യയും മരണത്തിന് കീഴടങ്ങി.

പ്രതിയായ സിന്ധുവിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടതോടെ സമാനമായ നിരവധി പരാതികളാണ് വിഴിഞ്ഞം പൊലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തികമായി നല്ല നിലയിലുള്ള സിന്ധു, തട്ടിയെടുക്കുന്ന സ്വർണം വിറ്റ് ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. നിലവിൽ ഇവർക്കെതിരെ 12 പരാതികൾ ലഭിച്ചിട്ടുണ്ട്. നൂറിലധികം പവൻ സ്വർണം ഇവർ തട്ടിയെടുത്തതായാണ് പൊലീസ് സംശയിക്കുന്നത്. ഇതിന് പിന്നിൽ മറ്റ് സംഘങ്ങൾ ആരെങ്കിലും ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

യുവതികൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ സ്ഥിരമായി എത്തി വിശ്വാസം നേടിയെടുത്താണ് സിന്ധു തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിൽ പണയം വെക്കുന്ന സ്വർണം കുറഞ്ഞ പലിശയ്ക്ക് കെ.എസ്.എഫ്.ഇയിൽ പണയം വെച്ചുതരാമെന്ന് പറഞ്ഞ് വാങ്ങിയ ശേഷം ഇവർ അത് വിൽക്കുകയായിരുന്നു. ആദ്യമൊക്കെ കൃത്യമായി സ്വർണം തിരികെ നൽകിയും കമ്മീഷൻ കൊടുത്തും യുവതികളുടെ വിശ്വാസം നേടി. പിന്നീട് വലിയ അളവിൽ സ്വർണം വാങ്ങി മുങ്ങുകയായിരുന്നു. സിന്ധു ചതിച്ചതോടെ, യുവതികൾ സ്വന്തം നിലയിൽ കടം വാങ്ങി മറ്റ് ഇടപാടുകാർക്ക് സ്വർണം വാങ്ങി നൽകേണ്ടി വന്നു. കടം കൂടിയതോടെയാണ് ഇരുവരും ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

കുറഞ്ഞ പലിശയ്ക്ക് സ്വർണം പണയം വെച്ചുതരാമെന്ന് വിശ്വസിപ്പിച്ചാണ് സിന്ധു തട്ടിപ്പ് നടത്തിയതെന്ന് അഞ്ജുവിന്റെ ഭർത്താവ് വിഷ്ണു പറഞ്ഞു. അഞ്ജുവിന്റെ സുഹൃത്തിന്റെ സ്വർണം തിരികെ ചോദിച്ചപ്പോൾ വ്യാജ സ്വർണമാണ് സിന്ധു നൽകിയത്. ഇതോടെയാണ് തട്ടിപ്പ് ബോധ്യപ്പെട്ടതെന്നും തന്റെ 20 പവന ഓളം നഷ്ടപ്പെട്ടതായി അഞ്ജു പറഞ്ഞിരുന്നതായും വിഷ്ണു വ്യക്തമാക്കി. നഷ്ടപ്പെട്ട സ്വർണം ആവശ്യപ്പെട്ട് ഇരുവരും പലതവണ സിന്ധുവിന്റെ വീട്ടിൽ കയറിയിറങ്ങിയിരുന്നതായും വിഷ്ണു കൂട്ടിച്ചേർത്തു.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056

Leave a Reply

Your email address will not be published. Required fields are marked *