Movie News

‘പടിയിറങ്ങൽ പിന്മാറ്റമല്ല, ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം’; ‘അമ്മ’യിൽ നിന്ന് രാജി വെച്ച് രേവതിയും പത്മപ്രിയയും

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ (AMMA) നിന്ന് നടിമാരായ രേവതിയും പത്മപ്രിയയും രാജിവെച്ചു. ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് ഇരുവരും ഈ വിവരം പങ്കുവെച്ചത്. തങ്ങളുടെ രാജി പെട്ടെന്നുണ്ടായ ഒരു തീരുമാനമോ ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തോടുള്ള പ്രതികരണമോ അല്ലെന്ന് വ്യക്തമാക്കിയ നടിമാർ, പുരുഷാധിപത്യവും അധികാരത്തോടുള്ള മോഹവും കാരണം സംഘടന അതിന്റെ യഥാർത്ഥ ലക്ഷ്യങ്ങളിൽ നിന്ന് ദുർബലപ്പെട്ടുപോയതായി കുറ്റപ്പെടുത്തി. ഈ പടിയിറങ്ങൽ ഒരു പിന്മാറ്റമല്ലെന്നും തങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്നും അവർ കൂട്ടിച്ചേർത്തു.

സംയുക്ത പ്രസ്താവനയുടെ പൂർണ്ണരൂപം

തങ്ങൾ ഇന്ന് ‘അമ്മ’ സംഘടനയിൽ നിന്ന് ഔദ്യോഗികമായി രാജിവെക്കുകയാണെന്ന് ഇരുവരും അറിയിച്ചു. ഇത് സംഘടനയിൽ നിലവിലുള്ള വിവാദങ്ങളുടെ മറ്റൊരു തുടർച്ച മാത്രമായി തോന്നാമെങ്കിലും അങ്ങനെയല്ലെന്ന് അവർ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി തങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ വളരെ ലളിതമായിരുന്നു; സുരക്ഷിതമായ ഒരു തൊഴിലിടം, അന്തസ്സുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, എല്ലാവർക്കും തുല്യമായ പരിഗണന എന്നിവയായിരുന്നു അത്. ഈ അടിസ്ഥാന മൂല്യങ്ങൾ എല്ലാവരെയും ഒരുമിപ്പിക്കുമെന്ന് കരുതിയെങ്കിലും തങ്ങൾക്ക് ലഭിച്ചത് മൗനവും അവഗണനയുമായിരുന്നു. സ്വന്തം വീടെന്നു കരുതിയ ഇടത്തുനിന്നും സുഹൃത്തുക്കളിൽ നിന്നും അകൽച്ച നേരിട്ടിട്ടും പ്രതീക്ഷയോടെയാണ് തങ്ങൾ ഇത്രയും കാലം മുന്നോട്ടുപോയത്. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സംഘടനയിലുണ്ടായ കൂട്ടരാജികൾ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമം മാത്രമായിരുന്നു. പൊതുജന ശ്രദ്ധ മാറിയതോടെ പഴയ അധികാര രീതികൾ വീണ്ടും തിരിച്ചെത്തുകയാണുണ്ടായത്. അധികാരത്തിലുള്ള ആളുകൾ മാറിയാലും അസമത്വത്തിന്റെ വ്യവസ്ഥകൾ ഇവിടെ മാറാതെ തുടരുകയാണ്.

എല്ലാവരുടെയും ശബ്ദമാകാൻ വേണ്ടി രൂപീകരിച്ച സംഘടനയിൽ പിന്നീട് പുരുഷാധിപത്യവും അധികാര മോഹങ്ങളും പിടിമുറുക്കുകയും അത് സംഘടനയെ ദുർബലമാക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ തങ്ങളുടെ ഈ പടിയിറങ്ങൽ ഒളിച്ചോട്ടമല്ല, മറിച്ച് ആത്മാഭിമാനത്തോടെയുള്ള തീരുമാനമാണ്. വരുംതലമുറയിലെ സ്ത്രീകൾക്ക് ഇത്തരം പോരാട്ടങ്ങൾ നേരിടേണ്ടി വരാത്ത സുരക്ഷിതമായ ഒരു സിനിമാ മേഖല ഇവിടെ ഉണ്ടാകുമെന്ന് തങ്ങൾ വിശ്വസിക്കുന്നു. അതിന് ഏതെങ്കിലും സംഘടനയിലെ അംഗത്വം ആവശ്യമില്ല. നല്ല സിനിമകൾ ചെയ്യാനും സഹപ്രവർത്തകർക്കൊപ്പം നീതിയുക്തമായ തൊഴിലന്തരീക്ഷം ഉറപ്പാക്കാനും തങ്ങളുടെ യാത്ര തുടരും. തങ്ങളെ എപ്പോഴും പിന്തുണച്ച പൊതുസമൂഹത്തോടും മാധ്യമങ്ങളോടും നന്ദി പറയുന്നു. ഒരു സംഘടനയുടെ നിലനിൽപ്പ് വ്യക്തികളിലല്ല, മറിച്ച് അതിന്റെ വിശ്വാസ്യതയിലാണ് എന്ന വലിയ ബോധ്യത്തോടെയും പ്രത്യാശയോടെയും തങ്ങൾ വിടപറയുന്നു, തിയേറ്ററുകളിൽ വീണ്ടും കാണാം.

Leave a Reply

Your email address will not be published. Required fields are marked *