37 വർഷത്തെ കഠിനാധ്വാനത്തിന് ശേഷം വിരമിച്ച 68 കാരനായ ഒരാള് ഹൃദയാഘാതം മൂലം മരണപ്പെട്ട സംഭവം പങ്കുവെച്ചുകൊണ്ട് ഒരു ഡോക്ടർ ഇൻസ്റ്റാഗ്രാമിലിട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ്. ഏകദേശം നാല് പതിറ്റാണ്ടോളം ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം, വിരമിച്ചതിന് ശേഷം തന്റെ ഭാര്യയോടൊപ്പം ആദ്യമായി ഒരു നീണ്ട യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് ഈ ദാരുണ മരണം സംഭവിച്ചത്.
ഡോക്ടർ ദിവ്യ ധ്യാനയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വീഡിയോയിൽ അവർ പറയുന്നത് ഇങ്ങനെയാണ്: “കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് 68 വയസ്സുള്ള ഒരു രോഗി എന്റെ അടുക്കൽ എത്തിയിരുന്നു. നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. എന്നാൽ അതിനേക്കാൾ സങ്കടകരമായ ഒരു കാര്യം അദ്ദേഹം മരിച്ചതിന് ശേഷം ഭാര്യ ഞങ്ങളോട് പങ്കുവെച്ചു. ഒരേ കമ്പനിയിൽ 37 വർഷം ജോലി ചെയ്തതിന് ശേഷം രണ്ട് മാസം മുൻപാണ് അദ്ദേഹം വിരമിച്ചത്. വരാനിരിക്കുന്ന ഓഗസ്റ്റ് മാസത്തിൽ ലോകം ചുറ്റിക്കാണാനായി അവർ തങ്ങളുടെ ജീവിതത്തിലെ ആദ്യത്തെ ഒരു മാസത്തെ നീണ്ട യാത്രയ്ക്ക് പ്ലാൻ ചെയ്യുകയായിരുന്നു.”
ഈ യാത്രയ്ക്കായുള്ള എല്ലാ ബുക്കിംഗുകളും അവർ പൂർത്തിയാക്കിയിരുന്നു. 37 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ അദ്ദേഹം ഒരിക്കൽ പോലും അവധിയെടുത്തിരുന്നില്ലെന്ന് ഭാര്യ പറഞ്ഞു. ഭാര്യയ്ക്കും മൂന്ന് മക്കൾക്കും നല്ലൊരു ജീവിതം നൽകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കുടുംബത്തോടൊപ്പമുള്ള വിനോദയാത്രകളും സുഹൃത്തുക്കളോടൊപ്പമുള്ള യാത്രകളുമെല്ലാം അദ്ദേഹം എപ്പോഴും ഒഴിവാക്കിയിരുന്നു. ‘ഇപ്പോൾ ഞാൻ കഠിനാധ്വാനം ചെയ്യട്ടെ, വിരമിച്ചതിന് ശേഷം എനിക്ക് ജീവിതം ആസ്വദിക്കാം’ എന്നായിരുന്നു അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നത്.
ഈ കഥ പങ്കുവെച്ചുകൊണ്ട് ഡോക്ടർ ചില സുപ്രധാന കാര്യങ്ങൾ ഓർമ്മിപ്പിച്ചു. ജോലിക്ക് മാത്രം മുൻഗണന നൽകി സ്വന്തം സമയവും സ്വാതന്ത്ര്യവും ആരോഗ്യവും വരെ ത്യാഗം ചെയ്ത് ജീവിക്കുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഒടുവിൽ കഠിനാധ്വാനം ചെയ്ത് നേടിയ പണം കൊണ്ട് ജീവിതം ആസ്വദിക്കാൻ തുടങ്ങിയപ്പോഴേക്കും അദ്ദേഹത്തിന് അതിന് സാധിക്കാതെ പോയി. ജീവിതം വളരെ ചെറുതാണെന്നും, എല്ലാം പിന്നീട് ആസ്വദിക്കാം എന്ന് കരുതി നമ്മുടെ നല്ല നാളുകൾ മാറ്റിവെക്കരുതെന്നും ഡോക്ടർ പറയുന്നു. കാരണം ഭാവിയിൽ അത് ആസ്വദിക്കാൻ നമ്മൾ ജീവനോടെ ഉണ്ടാകുമോ എന്ന് ആർക്കും അറിയില്ല. “ജീവിക്കാൻ വേണ്ടി കാത്തിരിക്കരുത്, ഈ നിമിഷം ജീവിച്ചു തീർക്കുക” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരും ഇത്തരത്തിൽ സ്വപ്നങ്ങൾ മാറ്റിവെച്ച് ഒടുവിൽ അത് ആസ്വദിക്കാൻ കഴിയാതെ പോയ കഥകൾ പലരും ഈ വീഡിയോയ്ക്ക് താഴെ പങ്കുവെക്കുന്നുണ്ട്.




