മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതരീതിയെക്കുറിച്ചും പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐ, ഭീകരസംഘടനയായ ലഷ്കറെ തൊയ്ബ എന്നിവയുമായുള്ള ബന്ധത്തെക്കുറിച്ചും മുൻ എഫ്ബിഐ ഏജന്റ് കമ്രാൻ ഫാരിദി നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഇപ്പോൾ ചർച്ചയാവുകയാണ്. ‘ധുരന്ധർ’ എന്ന സിനിമയിൽ ചിത്രീകരിച്ചതുപോലെ അവശനോ വയസ്സായ ആളോ അല്ല ദാവൂദ് എന്നാണ് മുൻ എഫ്ബിഐ ഉദ്യോഗസ്ഥൻ പറയുന്നത്.
1993-ലെ മുംബൈ സ്ഫോടന പരമ്പരയ്ക്ക് ശേഷം ഇന്ത്യ തിരയുന്ന ഈ കൊടുംകുറ്റവാളി, പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതെ പാകിസ്താനിൽ ഒളിവിൽ കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇയാളുടെ നീക്കങ്ങളെക്കുറിച്ച് വളരെ കുറഞ്ഞ വിവരങ്ങൾ മാത്രമേ പുറത്തുവന്നിട്ടുള്ളൂ.
ഇന്ത്യ ടുഡേയ്ക്കായി അരവിന്ദ് ഓജ നടത്തിയ പോഡ്കാസ്റ്റിലാണ് ‘ദാവൂദ് ഇബ്രാഹിം: ‘ബഡേ സാബ്’ എന്ന പേരിന് പിന്നിലെ യഥാർത്ഥ ചിത്രം’ എന്ന വിഷയത്തിൽ കമ്രാൻ ഫാരിദി പുതിയ കാര്യങ്ങൾ തുറന്നുപറഞ്ഞത്. നിലവിൽ 70 വയസ്സുള്ള ദാവൂദ്, പാകിസ്താനിലിരുന്ന് ഡി-കമ്പനിയുടെ കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ഇടപാടുകളും സജീവമായി നിയന്ത്രിക്കുന്നുണ്ടെന്ന് ഫാരിദി അവകാശപ്പെടുന്നു.
‘ധുരന്ധർ’ സിനിമയിൽ ‘ബഡേ സാബ്’ എന്ന കഥാപാത്രമായി കിടപ്പിലായ നിലയിലാണ് ഇയാളെ കാണിച്ചിരിക്കുന്നത്. എന്നാൽ ഇതിന് വിപരീതമായി, ദാവൂദ് തന്റെ ശൃംഖലയുടെ പ്രവർത്തനങ്ങൾ ഇപ്പോഴും നിരീക്ഷിക്കുകയും പാകിസ്താനിലെ ഉന്നതരുമായി ബന്ധം പുലർത്തുകയും ചെയ്യുന്നുണ്ടെന്ന് ഫാരിദി വ്യക്തമാക്കുന്നു. കറാച്ചിയിലെ അതീവ സുരക്ഷാ മേഖലയായ ക്ലിഫ്റ്റണിലാണ് ദാവൂദ് ഇപ്പോഴും താമസിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ഇന്ത്യയും പാകിസ്താനും തമ്മിൽ സംഘർഷം രൂക്ഷമാകുമ്പോഴെല്ലാം ഇയാൾ മറ്റ് സുരക്ഷിത താവളങ്ങളിലേക്ക് മാറാറുണ്ട്. ഇസ്ലാമാബാദിലും ഇയാൾക്ക് ഒരു ഒളിസങ്കേതമുണ്ടെന്ന് പറയപ്പെടുന്നു. അതേസമയം, ദാവൂദിന്റെ വീടിനടിയിൽ രഹസ്യ തുരങ്കമുണ്ടെന്ന പ്രചാരണങ്ങൾ ഫാരിദി തള്ളിക്കളഞ്ഞു. പകരം, കെട്ടിടത്തിന്റെ പിൻഭാഗത്തുള്ള ഒരു വഴി ജനത്തിരക്കേറിയ ദർഗയിലേക്കാണ് തുറക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആ വഴിയിലൂടെ രക്ഷപ്പെട്ടാൽ പിന്നെ അയാളെ പിടികൂടുക അസാധ്യമാണെന്നും ഫാരിദി പറഞ്ഞു. 1995-ൽ എഫ്ബിഐയിൽ ചേർന്ന തനിക്ക് 2009-ലാണ് ഡി-കമ്പനിയിൽ നുഴഞ്ഞുകയറാനുള്ള ദൗത്യം ലഭിച്ചത്. തന്റെ പാകിസ്താൻ പശ്ചാത്തലം മറച്ചുവെച്ച് റഷ്യൻ മാഫിയ അംഗമായി അഭിനയിച്ചാണ്, ദാവൂദിന്റെ അടുത്ത അനുയായി ജാബിർ മോതിവാല വഴി താൻ സംഘത്തിലേക്ക് കടന്നുകയറിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
കറാച്ചിയിൽ ഈ സംഘത്തിന് ഹവാല ശൃംഖല സ്ഥാപിക്കാൻ താൻ സഹായിച്ചതായും, തുടർന്ന് അനീസ് ഇബ്രാഹിമിന്റെ മകൻ അലി കാസ്കറാണ് പ്രധാന വിവരസ്രോതസ്സെന്ന് തിരിച്ചറിഞ്ഞതായും ഫാരിദി അവകാശപ്പെട്ടു. ‘ദാവൂദ് ഐഎസ്ഐയുടെ അതിഥിയാണ്’ എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ലഷ്കറെ തൊയ്ബയുമായും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദുമായും ദാവൂദിന് അടുത്ത ബിസിനസ് ബന്ധങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദാവൂദിന്റെ സുരക്ഷാ സന്നാഹങ്ങളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും ഫാരിദി അഭിമുഖത്തിൽ സംസാരിച്ചു.
രാത്രി പത്ത് മണിക്ക് മുമ്പ് ദാവൂദ് അപൂർവ്വമായേ പുറത്തിറങ്ങാറുള്ളൂ, ഇറങ്ങിയാൽ തന്നെ പുലർച്ചയ്ക്ക് മുമ്പ് വീട്ടിൽ തിരിച്ചെത്തുകയും ചെയ്യും. 35 മുതൽ 45 വരെ ആയുധധാരികളായ അംഗരക്ഷകരാണ് ഇയാൾക്ക് കാവൽ നിൽക്കുന്നത്. ഛോട്ടാ ഷക്കീലാണ് ദാവൂദിന്റെ സുരക്ഷാ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതും ഐഎസ്ഐയുമായുള്ള ബന്ധം സുഗമമായി കൊണ്ടുപോകുന്നതും.
‘അയാൾ ‘രാത്രിയുടെ ബാദുഷാ’ ആണ്. രാത്രി പത്ത് മണിക്ക് ശേഷമേ പുറത്തിറങ്ങൂ, എന്നാൽ ഫജ്ർ നമസ്കാരത്തിന് മുമ്പ് വീട്ടിൽ തിരിച്ചെത്തും,’ ഫാരിദി പറഞ്ഞു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലാണ് ദാവൂദിന്റെ യാത്രയെന്നും, കൊക്കെയ്നും മുജ്റ നൃത്തവും ഉൾപ്പെടുന്ന ആഡംബര ജീവിതമാണ് ഇയാൾ നയിക്കുന്നതെന്നും ഫാരിദി ആരോപിച്ചു.
ആദ്യ ഭാര്യ മെഹ്ജബീനുമായുള്ള ബന്ധം നിലനിൽക്കെത്തന്നെ ‘ആയിഷ ഭാഭി’ എന്നറിയപ്പെടുന്ന പാകിസ്താൻ യുവതിയെ ദാവൂദ് വിവാഹം കഴിച്ചതായും ഫാരിദി വെളിപ്പെടുത്തി. ടൈഗർ മേമന്റെ അപൂർവ്വമായ പൊതുപ്രത്യക്ഷപ്പെടലുകളെക്കുറിച്ചും ഛോട്ടാ ഷക്കീലും അനീസ് ഇബ്രാഹിമും തമ്മിലുള്ള അധികാര തർക്കത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.
ഫാരിദിയുടെ ഈ വെളിപ്പെടുത്തലുകൾ ശരിയാണെങ്കിൽ, പതിറ്റാണ്ടുകളായി ഇന്ത്യയുടെ കണ്ണുവെട്ടിച്ച് കഴിയുമ്പോഴും ദാവൂദ് തന്റെ അധോലോക സാമ്രാജ്യം ശക്തമായി മുന്നോട്ട് കൊണ്ടുപോവുകയും അതീവ സുരക്ഷയോടെ ആഡംബര ജീവിതം നയിക്കുകയുമാണ്.




