Featured Sports

ഒരു റണ്ണിന് 4 വിക്കറ്റ്, ആരും രണ്ടക്കം കടന്നില്ല, 5പേർ ഡക്ക്; നേപ്പാളിനെ 26 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ എ-യ്ക്ക് 306 റൺസിന്റെ തകർപ്പൻ വിജയം

ദോഹ (ഖത്തർ): ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ ഉജ്ജ്വല വിജയത്തോടെ ഇന്ത്യ എ തുടക്കമിട്ടു. ഉദ്ഘാടന മത്സരത്തിൽ നേപ്പാളിനെതിരെ 306 റൺസിന്റെ റെക്കോർഡ് ജയമാണ് ഇന്ത്യ എ നേടിയത്. ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ വെറും 26 റൺസിന് എല്ലാവരും പുറത്തായി.

ഇന്ത്യ എ മുന്നോട്ടുവെച്ച 333 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ ഒന്ന് പൊരുതാൻ പോലും നേപ്പാളിന് സാധിച്ചില്ല. ഇന്നിങ്സിന്റെ തുടക്കം മുതൽ തന്നെ ബാറ്റിങ് തകർച്ച നേരിട്ട അവർ കനത്ത പരാജയം ഏറ്റുവാങ്ങി. നേപ്പാൾ നിരയിൽ ഒരാൾക്ക് പോലും രണ്ടക്കം കടക്കാനായില്ല. അഞ്ച് താരങ്ങൾ പൂജ്യത്തിന് പുറത്തായപ്പോൾ, ആറ് റൺസ് വീതം നേടിയ പവൻ സറാഫും റാഷിദ് ഖാനുമാണ് ടീമിലെ ഉയർന്ന സ്കോറർമാർ.

ലിസ്റ്റ് എ ക്രിക്കറ്റിലെ നാലാമത്തെ ഏറ്റവും ചെറിയ ടീം സ്കോറാണ് നേപ്പാൾ കുറിച്ചത്. അതേസമയം, ഇന്ത്യയുടെ 306 റൺസ് ജയം ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വലിയ എട്ടാമത്തെ വിജയമായി മാറി. റൺസ് വ്യത്യാസത്തിൽ ഇന്ത്യ എ ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണിത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിനെ തുടക്കത്തിൽ തന്നെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കി. ഹർഷിത് റാണയും പ്രിൻസ് യാദവും തകർത്തറിഞ്ഞതോടെ നേപ്പാൾ നിര ചീട്ടുകൊട്ടാരം പോലെ തകർന്നു. സ്കോർ ബോർഡിൽ ഒരു റൺ മാത്രമുള്ളപ്പോൾ തന്നെ അവർക്ക് നാല് വിക്കറ്റുകൾ നഷ്ടമായി. അർജുൻ കുമാൽ (0), കുശാൽ ഭുർട്ടൽ (0), ദീപക് ദുമ്രെ (1), ബാസിർ അഹമ്മദ് (0) എന്നിവരാണ് തുടക്കത്തിൽ മടങ്ങിയത്.

തുടർന്ന് പവൻ സറാഫും റാഷിദ് ഖാനും ആറ് റൺസ് വീതം നേടിയതോടെ ടീം സ്കോർ 17-ൽ എത്തി. എന്നാൽ അധികം വൈകാതെ ഇരുവരും പുറത്തായി. ലോകേഷ് ബാം പൂജ്യത്തിന് മടങ്ങിയതോടെ നേപ്പാൾ 17-ന് ഏഴ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നാലെ വന്ന ബാറ്റർമാർക്കും പിടിച്ചുനിൽക്കാനോ കൂട്ടുകെട്ടുണ്ടാക്കാനോ സാധിക്കാതെ വന്നതോടെ 26 റൺസിൽ നേപ്പാളിന്റെ ഇന്നിങ്സ് അവസാനിച്ചു. ഇന്ത്യയ്ക്കായി പ്രിൻസ് യാദവ് അഞ്ചും ഹർഷിത് റാണ നാലും വിക്കറ്റുകൾ വീഴ്ത്തി. ഷഹ്ബാസ് അഹമ്മദ് ഒരു വിക്കറ്റും നേടി.