Crime

3കോടിയുടെ വീടിനായി 7 ബന്ധുക്കളെ ആട്ടുകല്ല് കൊണ്ട് കൊന്നുതള്ളി; മുദ്രപത്രത്തില്‍ പതിപ്പിക്കാന്‍ വിരലടയാളം എടുത്തു, പിന്നിലെ ക്രൂരകഥ

ബെംഗളൂരു രാജാജിനഗറിലെ ഏഴുപേരുടെ കൂട്ടക്കൊലപാതകത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നു. മൂന്ന് കോടി രൂപ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കുന്നതിനായാണ് പ്രതി ഇന്ദുശേഖർ ഭാര്യയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ബെംഗളൂരു ശ്രീരാംപുരത്തുള്ള 1200 ചതുരശ്രയടി വിസ്തീർണമുള്ള വീട് സ്വന്തമാക്കുകയായിരുന്നു ഇന്ദുശേഖറിന്റെ പ്രധാന ലക്ഷ്യം. ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വീടിന് ഏകദേശം മൂന്ന് കോടി രൂപയാണ് മതിപ്പുവില. സ്വത്ത് കൈക്കലാക്കാൻ ഇയാൾ നിരന്തരം ശ്രമിച്ചിരുന്നെങ്കിലും ഭാര്യയും കുടുംബവും അതിന് വഴങ്ങിയില്ല. ഇതാണ് ക്രൂരമായ കൂട്ടക്കൊലയിലേക്ക് നയിച്ചത്.

കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകങ്ങൾ. ഒക്ടോബർ 16 മുതൽ പല ദിവസങ്ങളിലായി ഭാര്യ സുനിത, ഭാര്യയുടെ അമ്മ, രണ്ട് സഹോദരന്മാർ, അവരുടെ ഭാര്യമാർ, ഏഴ് വയസ്സുള്ള ഒരു കുട്ടി എന്നിവരെ ഇയാൾ ആട്ടുകല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മരിച്ചവരുടെ വിരലടയാളങ്ങൾ ശേഖരിച്ച് സ്വത്ത് തട്ടിയെടുക്കാനായി മുദ്രപത്രങ്ങൾ വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്നതായും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

കൊലപാതകങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റുമായി ഉപേക്ഷിച്ചു. നന്ദിഹിൽസ്, യേർക്കാട്, ചാമുണ്ഡി ഹിൽസ്, ഷിരാഡി ഘട്ട് എന്നിവിടങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. സ്വത്തിൽ വിഹിതം നൽകാമെന്ന് പ്രലോഭിപ്പിച്ച് 17 വയസ്സുള്ള മകളെയും ഇയാൾ കുറ്റകൃത്യത്തിൽ പങ്കാളിയാക്കി. മൃതദേഹങ്ങൾ ഒളിപ്പിക്കാനും തെളിവുകൾ നശിപ്പിക്കാനും മകൾ സഹായിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത മകൾ നിലവിൽ റിമാൻഡിലാണ്. ഏഴ് കൊലപാതകങ്ങളും വെവ്വേറെ കേസുകളായി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെ സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്.