Spotlight

പണമൊഴുക്കി ‘തടി സലാമത്താ’ക്കാന്‍ സൗദി; ഹൂതികള്‍ക്ക് ശതകോടി ഡോളർ പാക്കേജ്! രഹസ്യ ചർച്ച നടത്തി ഖാലിദ് രാജകുമാരൻ ?

റിയാദ്‌/ടെഹ്‌റാന്‍: തങ്ങൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കാനും വെടിനിർത്തൽ ഉറപ്പാക്കാനുമായി യെമനിലെ ഹൂതി സായുധസംഘത്തിന് സൗദി അറേബ്യ സാമ്പത്തിക പാക്കേജ് വാഗ്ദാനം ചെയ്തതായി വിവരമുണ്ട്. ഇറാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ 100 കോടി ഡോളറിന്റെ (ഏകദേശം 9,492 കോടിയിലധികം രൂപ) പാക്കേജാണ് സൗദി വാഗ്ദാനം ചെയ്തതെന്ന് പ്രമുഖ ഇസ്രയേലി ദിനപത്രം റിപ്പോർട്ട് ചെയ്തു. സൗദിയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം.

എന്നാൽ ഇതിനിടയിലും സൗദിക്കുനേരെയുള്ള ആക്രമണങ്ങൾ ഹൂതികൾ തുടരുകയാണ്. റിയാദിലെ പ്രതിരോധ മന്ത്രാലയം ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടു. ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചുള്ള ആക്രമണം ലക്ഷ്യം കണ്ടതായി ഹൂതി സേനാ വക്താവ് വ്യക്തമാക്കിയെങ്കിലും സൗദി ഇത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം റിയാദിൽ വൻ സ്ഫോടനശബ്ദം കേട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്കൻ മേഖലയെ ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്ത മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി സൗദി അറേബ്യൻ അധികൃതർ അറിയിച്ചു.

സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ ടെഹ്‌റാനിൽ നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിനിടെയാണ് ഹൂതികളുമായി മധ്യസ്ഥചർച്ച നടന്നതെന്ന് പത്രം റിപ്പോർട്ട് ചെയ്തു. ഖാലിദ് രാജകുമാരൻ സഞ്ചരിച്ച വിമാനത്തിൽ പണം കൊണ്ടുവന്നതായും റിപ്പോർട്ടിലുണ്ട്. മൂന്ന് വർഷം മുമ്പ് ഉണ്ടാക്കിയ കരാറുകൾ നടപ്പാക്കാൻ സാധിക്കാതെ വന്നതാണ് ഹൂതികളുമായുള്ള ഇപ്പോഴത്തെ സംഘർഷത്തിന് പ്രധാന കാരണമെന്ന് സൗദി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നിർദിഷ്ട കരാർ പ്രകാരം പ്രശ്നങ്ങൾക്ക് സമാധാനപരമായ പരിഹാരം കണ്ടെത്താൻ ഹൂതികൾക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകാൻ സൗദി അറേബ്യ സമ്മതിച്ചിരുന്നു.

ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാനും പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തിനുമായി തുക വിനിയോഗിക്കാനുമായിരുന്നു ധാരണ. ഇതിന് പകരമായി ഹൂതികൾ വെടിനിർത്തൽ പാലിക്കണമെന്നും സൗദിക്കെതിരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ സാമ്പത്തികസഹായ വാഗ്ദാനം സൗദി പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഹൂതികൾ ഇപ്പോഴത്തെ ആക്രമണങ്ങളെ ന്യായീകരിക്കുന്നത്. അതിനായി ഇറാൻ അവരെ സഹായിച്ചിട്ടുണ്ടെന്നും സൗദി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം വ്യക്തമാക്കുന്നു.

അതേസമയം പ്രതിരോധമന്ത്രിയുടെ ടെഹ്‌റാൻ സന്ദർശനം സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരന്റെയും ‘മക്ക’ പ്രതിരോധ സഖ്യത്തിലുള്ള രാജ്യങ്ങളുടെ പ്രതിനിധികളുടെയും ടെഹ്‌റാൻ സന്ദർശനം നിലവിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടാണെന്ന് പ്രസ്താവനയിൽ പറയുന്നു. ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പ്രശ്നപരിഹാരം കണ്ടെത്താനും ഖത്തറും പാകിസ്താനും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ പിന്തുണയ്ക്കാനുമുള്ള സഖ്യത്തിന്റെ നീക്കങ്ങളുടെ ഭാഗമാണിതെന്നും പ്രസ്താവനയിലുണ്ട്.

സൗദി അറേബ്യയുടെ സഖ്യകക്ഷിയായ ‘മക്ക’ പ്രതിരോധ സഖ്യമാണ് ഈ യോഗം സംഘടിപ്പിച്ചത്. പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ, തുർക്കി ഇന്റലിജൻസ് മേധാവി ഇബ്രാഹിം കലീൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു. സഖ്യത്തിലെ അംഗരാജ്യങ്ങൾക്കെതിരെ ആക്രമണമുണ്ടായാൽ കൂട്ടായ സൈനിക സഹായം നൽകണമെന്നാണ് മക്ക പ്രതിരോധ സഖ്യത്തിന്റെ ധാരണ. സൗദി അറേബ്യൻ വിമാനത്താവളങ്ങൾക്കും എണ്ണ മേഖലകൾക്കും നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ രാജ്യത്തിന് വൻ സാമ്പത്തിക തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. റിയാദ് വിമാനത്താവളം ദിവസങ്ങളോളം അടച്ചിടേണ്ടി വന്നതും വലിയ തിരിച്ചടിയായി.