Featured Good News

മണ്ണിൽ തിരഞ്ഞത് പഴയ ഇരുമ്പ്, കൈയിലെത്തിയത് 1.3 കോടിയുടെ ‘സ്വര്‍ണ്ണമുട്ട’ ! ഭാഗ്യം തെളിഞ്ഞ കഥ- വീഡിയോ

ഓസ്‌ട്രേലിയയിൽ വിനോദത്തിനായി സ്വർണം തിരഞ്ഞിറങ്ങിയ ഒരാൾക്ക് ഏകദേശം 1.3 കോടിയോളം രൂപ വരെ മൂല്യം വരുന്ന ഭീമൻ സ്വർണ്ണക്കട്ടി ലഭിച്ചു. ന്യൂ സൗത്ത് വെയിൽസിലെ വിദൂര പ്രദേശത്തുനിന്നാണ് അപൂർവ്വമായ ഈ സ്വർണ്ണശേഖരം കണ്ടെത്തിയത്.

പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ വ്യക്തി, വടക്കുപടിഞ്ഞാറൻ ന്യൂ സൗത്ത് വെയിൽസിലെ ടിബൂബുറയ്ക്ക് അടുത്തുള്ള മൗണ്ട് സ്റ്റുവർട്ട് സ്റ്റേഷനിൽ വച്ചാണ് ഈ അപൂർവ്വ സ്വർണ്ണക്കട്ടി കണ്ടെത്തിയത്. പല ദിവസങ്ങളായി ഇവിടെ തെരച്ചിൽ നടത്തുകയായിരുന്ന ഇയാൾക്ക് ഒടുവിൽ വിചാരിച്ചതിലും എത്രയോ ഇരട്ടി മൂല്യമുള്ള നിധിയാണ് മണ്ണിൽ നിന്ന് ലഭിച്ചത്.

സാധാരണയായി സ്വർണം തിരയുമ്പോൾ ഉപയോഗശൂന്യമായ സാധനങ്ങളാണ് അധികവും ലഭിക്കാറുള്ളതെന്ന് ഇയാൾ എബിസി ന്യൂസിനോട് പറഞ്ഞു. സാധാരണയായി ഇത്തരം തെരച്ചിലുകളിൽ വെടിയുണ്ടകളും പഴയ ആണികളും കുതിരലാടങ്ങളുമൊക്കെയാണ് കിട്ടാറുള്ളത്. എന്നാൽ ഇത്തവണ തെരച്ചിൽ നടത്തുമ്പോൾ മെറ്റൽ ഡിറ്റക്ടറിൽ നിന്ന് വലിയ ശബ്ദം കേൾക്കാൻ തുടങ്ങി. ഏകദേശം 100 മില്ലീമീറ്റർ താഴ്ചയിൽ കുഴിച്ചപ്പോൾ മെറ്റൽ ഡിറ്റക്ടറിൽ നിന്നുള്ള ശബ്ദം വളരെ ശക്തമായി. തുടർന്ന് മണ്ണ് നീക്കി നോക്കിയപ്പോഴാണ് മഞ്ഞ നിറത്തിലുള്ള തിളങ്ങുന്ന ആ വസ്ത കണ്ടത്. തനിക്ക് ലഭിച്ച വലിയ സ്വർണ്ണക്കട്ടി അത്ഭുതത്തോടെ കൈയിലെടുക്കുന്ന വീഡിയോയും ഇയാൾ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

‘ടിബൂബുറ സ്പഡ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സ്വർണ്ണക്കട്ടിക്ക് ഏകദേശം 1.2 കിലോഗ്രാം ഭാരമുണ്ട്. ഇതിൽ ക്വാർട്സ് കല്ലും അടങ്ങിയിട്ടുണ്ട്. പരിശോധനയിൽ ഇതിൽ 940 ഗ്രാം പരിശുദ്ധമായ സ്വർണ്ണമാണെന്ന് വ്യക്തമായി. വിപണിയിൽ ഇതിന് 1.5 ലക്ഷം മുതൽ 1.6 ലക്ഷം ഡോളർ വരെ വിലമതിക്കുമെങ്കിലും, അപൂർവ്വമായ ഇത്തരം ശേഖരങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന പുരാവസ്തു ശേഖരിക്കുന്നവര്‍ക്ക് വിൽക്കുമ്പോൾ ഇതിലും ഉയർന്ന തുക ലഭിച്ചേക്കാം. ഇത് അങ്ങനെ വിൽക്കാനാണ് ഇയാളുടെ പദ്ധതി.

ഇത്രയും വലിയ സ്വർണ്ണക്കട്ടികൾ ലഭിക്കുന്നത് വളരെ അപൂർവമാണെങ്കിലും വിനോദമെന്ന നിലയിൽ സ്വർണം തെരയുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്ന് ഇത്തരം തെരച്ചിലുകള്‍ക്കുവേണ്ടിയുള്ള ഉപകരണങ്ങള്‍ വിൽക്കുന്ന വ്യാപാരികൾ പറയുന്നു. മിക്ക തെരച്ചിലുകളിലും ഉപയോഗശൂന്യമായ ഇരുമ്പുകഷണങ്ങളാണ് ലഭിക്കാറുള്ളതെങ്കിലും, അപൂർവ്വമായി ലഭിക്കുന്ന ഇത്തരം വലിയ നിധികളാണ് ആളുകളെ ഇപ്പോഴും സ്വർണ്ണവേട്ടയിലേക്ക് ആകർഷിക്കുന്നത്.