Crime

കൂട്ടുകാരന്‍ കഴുത്തില്‍ കയര്‍ മുറുക്കി, ഏഴു വയസ്സുകാരന്‍ മരിച്ചു; മകനെ രക്ഷിക്കാൻ മൃതദേഹം ഒളിപ്പിച്ച് അമ്മ

ചെന്നൈ: മധുരയിൽ കളിക്കാൻ പോയ ഏഴു വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ കൂട്ടുകാരന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ സുഹൃത്തായ പത്തുവയസ്സുകാരൻ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം ഒളിപ്പിച്ചതിനാണ് സുഹൃത്തിന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച കളിക്കാനായി വീട്ടിൽനിന്ന് പുറത്തുപോയ മുത്തുവേൽ എന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തെരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെ മാതാവ് പൊലീസിൽ പരാതി നൽകി. തുടർന്ന് 90 പൊലീസുകാരെ അഞ്ച് പ്രത്യേക സംഘങ്ങളാക്കി തിരിച്ച് നടത്തിയ വിപുലമായ തെരച്ചിലിലാണ് തൊട്ടടുത്ത ദിവസം ആളൊഴിഞ്ഞ വീട്ടിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കുട്ടികൾ കളിച്ചുകൊണ്ടിരിക്കുമ്പോൾ പത്തുവയസ്സുകാരൻ മുത്തുവേലിന്റെ കഴുത്തിൽ കയറു മുറുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് ഓടിപ്പോകുന്നതിനിടയിൽ തലകറക്കം അനുഭവപ്പെട്ട കുട്ടി ഭിത്തിയിൽ ഇടിക്കുകയും മുന്നിലെ പല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. തുടർന്ന് കുട്ടി കുരുക്കിട്ട സുഹൃത്തിന്റെതന്നെ വീട്ടിലെത്തി കുടിക്കാൻ വെള്ളം ചോദിച്ചു.

സുഹൃത്തിന്റെ മാതാവ് വെള്ളം നൽകുന്നതിനിടെ മുത്തുവേൽ കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടി മരിച്ചുവെന്ന് മനസ്സിലാക്കിയ ഇവർ, മകന്റെ പങ്ക് പുറത്തുവരാതിരിക്കാനും തെളിവുകൾ നശിപ്പിക്കാനുമായി മൃതദേഹം ആളൊഴിഞ്ഞ വീട്ടിലേക്ക് മാറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്നാണ് പ്രതിയായ 32-കാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

പത്തുവയസ്സുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. എന്നാൽ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് മുത്തുവേലിന്റെ കുടുംബം മൃതദേഹം ഏറ്റെടുക്കാൻ ആദ്യം വിസമ്മതിച്ചിരുന്നു.