Crime

അച്ഛൻ മരിച്ച അതേ സ്ഥലത്തെത്തി പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു; മകളെ സുരക്ഷിതമായി അച്ഛന്‍ പാളം കടത്തിവിട്ടിരുന്ന അതേ റെയിൽവേ ട്രാക്ക്

തിരുപ്പൂർ: ആറ് മാസം മുൻപ് അച്ഛൻ ട്രെയിൻ തട്ടി മരിച്ച അതേ ഇടത്ത് പ്ലസ് ടു വിദ്യാർഥിനിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുപ്പൂരിലെ ശെമ്മാണ്ടംപാളയത്ത് താമസിക്കുന്ന കാർത്തിക്-ജാനകി ദമ്പതികളുടെ ഏക മകളായ കെ. സാധനയാണ് (16) ട്രെയിനിടിച്ച് മരിച്ചത്.

പ്ലസ് ടു വിദ്യാർഥിനിയായ സാധനയെ ദിവസവും രണ്ട് കിലോമീറ്റർ അകലെയുള്ള സ്കൂളിൽ കൊണ്ടുവിട്ടിരുന്നത് അച്ഛൻ കാർത്തിക് ആയിരുന്നു. വഴിയിലുള്ള റെയിൽവേ പാളം മകൾ സുരക്ഷിതമായി കടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നതും അദ്ദേഹമായിരുന്നു. എന്നാൽ ആറ് മാസം മുൻപ് മകളെ സ്കൂളിലാക്കി തിരിച്ചുവരുന്നതിനിടെ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുമ്പോൾ ട്രെയിനിടിച്ച് കാർത്തിക് മരണപ്പെടുകയായിരുന്നു.

അച്ഛന്റെ വേർപാട് താങ്ങാനാവാതെയാണ് സാധന ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതെന്ന് സഹപാഠികൾ പറയുന്നു. അവൾ എപ്പോഴും അച്ഛനെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നതായും അവർ വ്യക്തമാക്കി. ബുധനാഴ്ച വൈകിട്ടാണ് അച്ഛൻ മരിച്ച അതേ സ്ഥലത്തെത്തി സാധന ജീവനൊടുക്കിയത്. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന് മുന്നിലേക്കാണ് കുട്ടി ചാടിയത്. സ്വകാര്യ സ്കൂൾ അധ്യാപികയാണ് അമ്മ ജാനകി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)