Crime

കുട്ടിയുടെ ചോക്ലേറ്റ് കഴിച്ചതിന് വഴക്കുപറഞ്ഞതിന്റെ പക; 4 വയസ്സുകാരനെ വാട്ടർ ടാങ്കിൽ തള്ളിയിട്ട് കൊന്ന് പന്ത്രണ്ടുകാരി!

ഇൻഡോർ: അയൽവാസി വഴക്കുപറഞ്ഞതിന്റെ വൈരാഗ്യത്തിൽ അവരുടെ നാലുവയസ്സുകാരനായ മകനെ പന്ത്രണ്ടുകാരി കൊലപ്പെടുത്തി. മധ്യപ്രദേശിലെ മണ്ട്സൗറിലെ ഷാംഗഡിൽ ഒക്ടോബർ 24-നാണ് ഈ ദാരുണ സംഭവം നടന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് നാലുവയസ്സുകാരന്റെ ചോക്ലേറ്റ് എടുത്തു കഴിച്ചതിന് കുട്ടിയുടെ അമ്മ വഴക്കുപറഞ്ഞതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ഒക്ടോബർ 24-ന് ഉച്ചയ്ക്ക് വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ചോക്ലേറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടി ബാലനെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ വീട്ടിലെ വാട്ടർ ടാങ്കിലേക്ക് തള്ളിയിട്ട ശേഷം ടാങ്ക് മൂടിയെടുത്ത് അടയ്ക്കുകയും ചെയ്തു. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് പരിഭ്രാന്തരായ വീട്ടുകാർ ഉടൻ തന്നെ വിവരം പോലീസിനെ അറിയിച്ചു.

കുട്ടിയെ അവസാനമായി കണ്ടത് ഈ പെൺകുട്ടിക്കൊപ്പമാണെന്ന മൊഴി ലഭിച്ചതോടെ പോലീസ് പെൺകുട്ടിയെ ചോദ്യം ചെയ്യുകയും വീട്ടിൽ വിശദമായ പരിശോധന നടത്തുകയും ചെയ്തു. തുടർന്നാണ് വീടിനുള്ളിലെ വാട്ടർ ടാങ്കിൽനിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനായത്. കുറ്റം സമ്മതിച്ച പെൺകുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ശേഷം വിദിഷയിലെ ചൈൽഡ് ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.