മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ച കേസിൽ ഇൻഷുറൻസ് കമ്പനി നൽകേണ്ട 29 ലക്ഷം രൂപയുടെ നഷ്ടപരിഹാരം വിദ്യാർഥിയുടെ പിതാവിൽ നിന്ന് ഈടാക്കാൻ കോടതി ഉത്തരവിട്ടു. 2023 ഒക്ടോബർ ഒൻപതിന് നടന്ന അപകടത്തിന്റെ നഷ്ടപരിഹാര കേസിലാണ് മൂവാറ്റുപുഴ മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണൽ സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
മരിച്ചയാളുടെ ബന്ധുക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. വാദം കേട്ട കോടതി ഇൻഷുറൻസ് കമ്പനിയോട് 29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. എന്നാൽ, ഈ തുക വാഹനം ഓടിച്ച വിദ്യാർഥിയുടെ പിതാവിൽ നിന്ന് ഇൻഷുറൻസ് കമ്പനിക്ക് ഈടാക്കാമെന്നും ജഡ്ജി കെ.എൻ. ഹരികുമാർ വ്യക്തമാക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സംഭവം വർധിച്ചുവരുന്ന സാഹചര്യത്തിൽ ട്രിബ്യൂണലിന്റെ ഈ ഉത്തരവ് ഏറെ ശ്രദ്ധേയമായിട്ടുണ്ട്.
മൂവാറ്റുപുഴ പണ്ടപ്പിള്ളി തോട്ടക്കര ശിവക്ഷേത്രത്തിന് സമീപം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മീങ്കുന്നം നീർക്കാനയിൽ എൻ.എം. ജേക്കബിനെ (59) പതിനാറുകാരൻ ഓടിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജേക്കബ് നാലു ദിവസത്തിനുശേഷം മരണപ്പെടുകയും ചെയ്തു.
തോട്ടക്കര കല്ലുങ്കൽ ബിനോയ് ജോണിന്റെ മകനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതുവഴി വാഹന ഉടമ മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതായി കോടതി കണ്ടെത്തി. ലൈസൻസില്ലാത്ത ആൾക്ക് വാഹനം നൽകിയത് ഇൻഷുറൻസ് പോളിസി വ്യവസ്ഥകളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. മരിച്ച ജേക്കബിന്റെ ഭാര്യ എമിലി, മക്കളായ ശാലു, ശരത് എന്നിവർക്ക് നഷ്ടപരിഹാരമായി 21,96,000 രൂപയും 8% പലിശയും കോടതിച്ചെലവും അടക്കം 29 ലക്ഷം രൂപ നൽകാനാണ് കോടതി ഉത്തരവായിട്ടുള്ളത്.




