ലോകമെമ്പാടുമുള്ള അടുക്കളകളിൽ ഒലിവ് ഓയിൽ സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും, ഭക്ഷണത്തിൽ ചേർക്കുന്നതിന് പകരം നേരിട്ട് കുടിക്കുന്ന രീതിയാണ് ഇപ്പോൾ പലരും തിരഞ്ഞെടുക്കുന്നത്. ആരോഗ്യകരമായ കൊഴുപ്പുകളും ശരീരത്തെ കേടുപാടുകളിൽ നിന്നും വീക്കങ്ങളിൽ നിന്നും സംരക്ഷിക്കുന്ന പ്രകൃതിദത്ത ഘടകങ്ങളും അടങ്ങിയതിനാൽ എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ ഏറെ പ്രശസ്തമാണ്. ഇത് ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്ന് മാത്രമല്ല, ചില ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ ദിവസവും ഒലിവ് ഓയിൽ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
ദിവസവും എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ കഴിക്കുമ്പോൾ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. ഒന്നാമതായി ഇത് ഹൃദയത്തെ സംരക്ഷിക്കുന്നു; പൂരിത കൊഴുപ്പുകൾക്ക് (saturated fats) പകരമായി ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ (LDL) കുറയ്ക്കാൻ സഹായിക്കും. രണ്ടാമതായി ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്; ഒലിവ് ഓയിൽ കഴിക്കുന്നത് ഡിമെൻഷ്യ (മറവിരോഗം) വരാനുള്ള സാധ്യത കുറയ്ക്കുന്നു. മൂന്നാമതായി ഇത് ഉദരാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു; ഇതിലടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ വയറ്റിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നു.
നാലാമതായി, ഒലിവ് ഓയിലിൽ അടങ്ങിയിരിക്കുന്ന ‘ഒലിയോകാന്തൽ’ (oleocanthal) എന്ന സംയുക്തം ശരീരത്തിലെ നീർക്കെട്ടും വീക്കവും (inflammation) കുറയ്ക്കാൻ സഹായിക്കുന്നു. അഞ്ചാമതായി, ഇതിലെ പോളിഫെനോളുകൾ രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കൃത്യമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഡോക്ടർ വ്യക്തമാക്കി. എണ്ണയിൽ വറുത്തെടുക്കുന്നത് (deep frying) ആരോഗ്യകരമായ പാചകരീതിയല്ലെന്നും, വല്ലപ്പോഴും അങ്ങനെ ചെയ്യേണ്ടി വന്നാൽ ശരിയായ എണ്ണ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണെന്നും ഡോ. സൗരഭ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി റിഫൈൻഡ് വെളിച്ചെണ്ണ, റിഫൈൻഡ് ഒലിവ് ഓയിൽ, നെയ്യ്, അവക്കാഡോ ഓയിൽ എന്നീ നാല് ഓപ്ഷനുകളാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്.
എല്ലാ ഒലിവ് ഓയിലുകൾക്കും ഒരേ ആരോഗ്യഗുണങ്ങളല്ല ഉള്ളത്, അവ നിർമ്മിക്കുന്ന രീതിയെ ആശ്രയിച്ചാണ് പോഷകമൂല്യം നിശ്ചയിക്കപ്പെടുന്നത്. ഏറ്റവും കുറഞ്ഞ രീതിയിൽ മാത്രം സംസ്കരിച്ചെടുക്കുന്ന എക്സ്ട്രാ വിർജിൻ ഒലിവ് ഓയിലിലാണ് (EVOO) ഏറ്റവും കൂടുതൽ പോളിഫെനോളുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നത്. ഇത് ശരീരകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. വിർജിൻ ഒലിവ് ഓയിൽ (VOO) അല്പം കൂടി സംസ്കരണത്തിന് വിധേയമാകുന്നതിനാൽ ആരോഗ്യകരമായ ഘടകങ്ങൾ കുറഞ്ഞ അളവിലേ ഉണ്ടാകൂ. ലൈറ്റ്, പ്യുവർ, റിഫൈൻഡ് ഒലിവ് ഓയിലുകൾ കൂടുതൽ സംസ്കരണത്തിന് വിധേയമാകുന്നതിനാൽ അവയിൽ പോഷകഗുണങ്ങൾ കുറവായിരിക്കും. അതിനാൽ എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം.




