Crime

സഹോദരിയെ പീഡിപ്പിച്ചത് രണ്ടു വർഷം; മറ്റൊരു യുവതിയുടെ നഗ്നദൃശ്യം പകർത്തിയതിന് അകത്തായി; ഒടുവില്‍ 17 വർഷം തടവ്

യുവതിയുടെ കുളിമുറിയിലെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ കേസിൽ പിടിയിലായ യുവാവിനെ തേടിയെത്തിയത് മറ്റൊരു ഗുരുതര കുറ്റകൃത്യത്തിലെ കടുത്ത ശിക്ഷയും. ഒൻപത് വയസ്സുള്ള സ്വന്തം അർധസഹോദരിയെ ഇയാൾ രണ്ട് വർഷത്തോളം പീഡിപ്പിച്ചെന്ന പിതാവിന്റെ വെളിപ്പെടുത്തലാണ് കേസിൽ നിർണായകമായത്. സിംഗപ്പൂരിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

കുളിമുറി ദൃശ്യങ്ങൾ പകർത്തിയ കേസിലാണ് യുവാവ് അടുത്തിടെ പൊലീസിന്റെ പിടിയിലായത്. മകൻ അറസ്റ്റിലായതിന് പിന്നാലെ പിതാവ് പൊലീസിനെ ബന്ധപ്പെട്ട് മറ്റൊരു ക്രൂരകൃത്യത്തെക്കുറിച്ച് വിവരം നൽകുകയായിരുന്നു. ഇതോടെയാണ് വർഷങ്ങളായി കുടുംബത്തിനുള്ളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന പീഡനവിവരം പുറംലോകം അറിഞ്ഞത്.

യുവാവിന്റെ അമ്മ നേരത്തെ മരിച്ചുപോയിരുന്നു. മകന് അമ്മയുടെ സ്നേഹം ലഭിക്കണമെന്ന ആഗ്രഹത്തിലാണ് പിതാവ് വീണ്ടും വിവാഹം കഴിച്ചത്. അന്ന് യുവാവിന് 12 വയസ്സായിരുന്നു പ്രായം. പിന്നീട് പിതാവിനും രണ്ടാനമ്മയ്ക്കും ഒരു പെൺകുഞ്ഞ് ജനിച്ചു.

2024-ൽ, തന്റെ 22-ാം വയസ്സിലാണ് യുവാവ് പിതാവിനോട് ഈ ഞെട്ടിക്കുന്ന കുറ്റസമ്മതം നടത്തിയത്. ഒൻപത് വയസ്സുകാരിയായ അർധസഹോദരിയെ രണ്ട് വർഷത്തോളമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഇയാൾ പറഞ്ഞത്. മകന്റെ ക്രൂരത അറിഞ്ഞ പിതാവ് കടുത്ത മാനസിക വിഷമത്തിലായി. സ്വന്തം മകളെ മകൻ തന്നെ ഉപദ്രവിച്ചെന്ന സത്യം ഉൾക്കൊള്ളാൻ അദ്ദേഹത്തിന് ഏറെ പ്രയാസമായിരുന്നു.

എന്നാൽ മകനെതിരായ വിവരം പുറത്തുപറയാതെ രഹസ്യമായി വെക്കാനാണ് ആദ്യം പിതാവ് തീരുമാനിച്ചത്. മകൾക്ക് നീതി ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നിട്ടും മകനെതിരെ പൊലീസിൽ പരാതി നൽകാൻ അന്ന് അദ്ദേഹം തയ്യാറായില്ല. പിന്നീട് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ കേസിൽ മകൻ അറസ്റ്റിലായതോടെ പിതാവ് തന്റെ തീരുമാനം മാറ്റി. മകന്റെ മറ്റു കുറ്റകൃത്യങ്ങളെക്കുറിച്ചും അദ്ദേഹം പൊലീസിനെ അറിയിച്ചു. ഇതിനിടെ പീഡനത്തിന്റെ ആഘാതം പെൺകുട്ടിയുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു. ഉറക്കമില്ലായ്മയും സഹോദരന്റെ പ്രായത്തിലുള്ള യുവാക്കളെ കാണുമ്പോഴുള്ള ഭയവും കുട്ടിയെ വല്ലാതെ അലട്ടിയിരുന്നു. ഇതേത്തുടർന്ന് പിതാവ് മകനെ വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്തു.

ഈ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ യുവാവിന് കോടതി 17 വർഷം തടവും 21 ചൂരലടിയുമാണ് ശിക്ഷ വിധിച്ചത്.