തലമുറകളായി ഇന്ത്യയുടെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ ആഘോഷങ്ങളിലും വിവാഹങ്ങളിലും വാഴയിലയിൽ ഭക്ഷണം വിളമ്പുന്നത് പതിവാണ്. ആധുനിക പ്ലേറ്റുകൾ വരുന്നതിന് മുൻപ് തന്നെ നമ്മുടെ പൂർവ്വികർ ഈ രീതി പിന്തുടർന്നിരുന്നു. പാരമ്പര്യം എന്നതിലുപരി വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന് ആരോഗ്യപരമായ ഗുണങ്ങളുണ്ടോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഈ പുരാതന രീതിക്ക് പിന്നിലെ ശാസ്ത്രീയ വശങ്ങൾ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. പളനിയപ്പൻ മാണിക്യം അടുത്തിടെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
“വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ അതിന്റെ ഉപരിതലത്തിലുള്ള കാറ്റെച്ചിനുകൾ (catechins), ഗാലിക് ആസിഡ് (gallic acid) തുടങ്ങിയ ചില പോളിഫെനോളുകൾ (polyphenols) ചെറിയ അളവിൽ ഭക്ഷണത്തിലേക്ക് കലരുന്നു. ഉറക്കക്കുറവ്, നാരുകൾ കുറഞ്ഞതും അമിതമായി സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ കാരണം നമ്മുടെ ശരീരത്തിൽ ദിവസേന ഓക്സിഡേഷൻ പ്രക്രിയകൾ നടക്കുന്നുണ്ട്. ഇത് ശരീരത്തിൽ സൂക്ഷ്മമായ തകരാറുകൾ ഉണ്ടാക്കുകയും, അമിതവണ്ണം, ഫാറ്റി ലിവർ, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവയിലേക്ക് നയിക്കുന്ന ഇൻസുലിൻ പ്രതിരോധത്തിന് കാരണമാവുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കാൻ ആന്റിഓക്സിഡന്റുകൾ ആവശ്യമാണ്. ഏറ്റവും ശക്തമായ ആന്റിഓക്സിഡന്റുകളിൽ ഒന്നാണ് പോളിഫെനോളുകൾ,” ഡോക്ടർ വ്യക്തമാക്കി.
കുട്ടികളെ കൂടുതൽ സമയം വീടിന് പുറത്ത് പ്രകൃതിയുമായി ഇണങ്ങി സമയം ചെലവഴിക്കാൻ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കണമെന്ന് ഡോ. പളനിയപ്പൻ നിർദ്ദേശിക്കുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും കുടുംബത്തോടൊപ്പം വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് ഒരു ശീലമാക്കാവുന്നതാണ്.
ഫോണുകളും പ്ലാസ്റ്റിക് പ്ലേറ്റുകളും മാറ്റിവെച്ച് കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഭക്ഷണം കഴിക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. ഇത്തരം ചെറിയ ശീലങ്ങൾ കുട്ടികളുടെ ഉദരാരോഗ്യത്തിന് (gut health) ഏറെ ഗുണകരമാകും. കൂടാതെ, ഓരോ നേരത്തെ ഭക്ഷണത്തോടൊപ്പവും കുറഞ്ഞത് ഒരു പഴമെങ്കിലും കഴിക്കണമെന്നും, ഇന്ത്യയിലുള്ളവർക്ക് പേരയ്ക്ക പോലുള്ള പഴങ്ങൾ തിരഞ്ഞെടുക്കാമെന്നും ഡോക്ടർ നിർദ്ദേശിക്കുന്നു.




