Oddly News

4 പതിറ്റാണ്ട് ഒറ്റയ്ക്ക് താമസിച്ച വയോധിക വിടവാങ്ങി; മക്കളെ കണ്ടെത്താൻ പത്രപ്പരസ്യവുമായി അയൽക്കാർ; വൈറൽ കുറിപ്പ്

മുംബൈയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ലളിത കൃഷ്ണമൂർത്തി എന്ന വയോധിക മരിച്ചതിനെത്തുടർന്ന്, അവരുടെ മക്കളെയും മറ്റ് ബന്ധുക്കളെയും കണ്ടെത്താനായി അയൽക്കാർ പത്രത്തിൽ നൽകിയ പരസ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മരണവിവരം അറിയിച്ചുകൊണ്ടും കുടുംബാംഗങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ ഉൾപ്പെടുത്തിക്കൊണ്ടുമുള്ള പത്രപ്പരസ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ചെന്നൈ സ്വദേശിനിയായ ലളിത കൃഷ്ണമൂർത്തി കഴിഞ്ഞ 40 വർഷത്തോളമായി മുംബൈയിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഉഷ ലക്ഷ്മിനാരായണൻ, പവൻ ഷെട്ടി എന്നിവരുടെ ഫോൺ നമ്പറുകളാണ് പരസ്യത്തിൽ നൽകിയിരിക്കുന്നത്.

പരസ്യത്തിൽ കണ്ട നമ്പറിൽ വിളിച്ച് പവൻ ഷെട്ടിയുമായി സംസാരിച്ചതായി കിഷോർ സുബ്രഹ്മണ്യൻ എന്ന എക്സ് (X) ഉപയോക്താവ് പങ്കുവെച്ച കുറിപ്പ് വലിയ ശ്രദ്ധ നേടുകയാണ്. നാല് പതിറ്റാണ്ടോളം ഒറ്റയ്ക്ക് ജീവിച്ച അവരുടെ മരണശേഷം അയൽവാസികളും ഒരു ബന്ധുവുമാണ് അന്ത്യകർമ്മങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ലളിതയ്ക്ക് രണ്ട് പെൺമക്കൾ ഉണ്ടെങ്കിലും അവരുടെ വിലാസമോ വിവരങ്ങളോ ആർക്കും അറിയില്ല. ജീവിച്ചിരുന്നപ്പോൾ കണ്ടെത്താൻ കഴിയാതിരുന്ന മക്കൾക്കായി, മരണശേഷവും ഒരു ബന്ധു പത്രപ്പരസ്യത്തിലൂടെ തിരച്ചിൽ തുടരുകയാണ്.

“ഇത് ഒരു സ്ത്രീയുടെ മാത്രം കഥയല്ല. നമ്മുടെ നഗരങ്ങളിലുടനീളം, ഒരുകാലത്ത് വീടുകളിൽ ചിരി നിറച്ചിരുന്ന മാതാപിതാക്കൾ ഇന്ന് വെറുമൊരു ടെലിവിഷൻ മാത്രം കൂട്ടായി മരണത്തിന് കീഴടങ്ങുകയാണ്. മെച്ചപ്പെട്ട ജീവിതം തേടി പോകുന്ന മക്കൾ പിന്നീട് ഒരിക്കലും തിരിച്ചുവരുന്നില്ല—അവസാനമായി ഒന്ന് യാത്ര പറയാൻ പോലും. ഫോൺ വിളികൾ കുറയുന്നു. ‘ഉടൻ വരാം’ എന്ന വാക്കുകൾ വർഷങ്ങളിലേക്ക് നീളുന്നു. കൂട്ടുകുടുംബങ്ങൾ ഇല്ലാതാകുന്നു. പല വയോധികരും അഭിമാനം കൊണ്ടോ വേദന കൊണ്ടോ കാത്തിരിപ്പ് അവസാനിപ്പിക്കുന്നു… എങ്കിലും ഉള്ളിന്റെയുള്ളിലെ ആ ആഗ്രഹം ഒരിക്കലും അവസാനിക്കുന്നില്ല,” കിഷോർ തന്റെ പോസ്റ്റിൽ കുറിച്ചു.

മക്കൾ മാതാപിതാക്കൾക്ക് പണം അയച്ചുകൊടുക്കുന്ന എ.ടി.എം (ATM) മാത്രമാകരുതെന്നും, പണത്തിന് പകരം വെക്കാൻ സാന്നിധ്യത്തിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. 51 വയസ്സുകാരനായ താനും കുടുംബവും വർഷങ്ങളോളം വിവിധ നഗരങ്ങളിൽ ജോലി ചെയ്ത ശേഷം ഇപ്പോൾ വീണ്ടും ഒരു കൂട്ടുകുടുംബമായി ജീവിക്കാൻ ഒരുങ്ങുകയാണെന്നും, ആരെങ്കിലും കൂടെയുണ്ടാകും എന്ന ഉറപ്പാണ് കുടുംബം നൽകുന്ന ഏറ്റവും വലിയ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലളിതയുടെ മക്കളെ കണ്ടെത്താൻ ആർക്കെങ്കിലും സഹായിക്കാൻ കഴിയുമെങ്കിൽ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ വൈകാരിക പ്രതികരണങ്ങൾക്കാണ് വഴിവെച്ചത്. മരണത്തേക്കാൾ വലിയ ദുരന്തം സ്വന്തം രക്തത്തിൽപ്പെട്ടവർ അത് അറിയാതെ പോകുന്നതാണെന്ന് ഒരാൾ കുറിച്ചപ്പോൾ, മുംബൈയിലെ അയൽവാസികളാണ് അവരുടെ യഥാർത്ഥ ബന്ധുക്കളെന്നും അവരെ അഭിവാദ്യം ചെയ്യുന്നുവെന്നും മറ്റൊരാൾ പ്രതികരിച്ചു.

വലിയ നഗരങ്ങളിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികർ നേരിടുന്ന ഏകാന്തതയെയും പിന്തുണയില്ലായ്മയെയും കുറിച്ച് വലിയ ചർച്ചകൾക്കാണ് ഈ സംഭവം തുടക്കമിട്ടിരിക്കുന്നത്. വിദേശത്തോ ദൂരസ്ഥലങ്ങളിലോ താമസിക്കുന്ന മക്കൾക്ക് പെട്ടെന്ന് മടങ്ങിവരാൻ കഴിയില്ലെന്ന് ചിലർ ചൂണ്ടിക്കാണിക്കുമ്പോൾ, വാർദ്ധക്യത്തിൽ മാതാപിതാക്കൾ അനുഭവിക്കുന്ന ഒറ്റപ്പെടലിനെക്കുറിച്ചാണ് ഭൂരിഭാഗം പേരും ആശങ്ക പങ്കുവെക്കുന്നത്.