Oddly News

വരന് വന്‍ശമ്പളവും വീടും കാറും വേണണെമന്ന് ഡിമാന്റ്, പക്ഷേ പ്രതിശ്രുതവധുവിന് സർക്കാർ ജോലിയെന്ന കള്ളം പൊളിഞ്ഞു? പിന്മാറി യുവാവ്

പ്രതിശ്രുത വധുവിന്റെ സംസ്ഥാന സർക്കാർ ജോലി താൽക്കാലികമാണെന്ന് അറിഞ്ഞതിനെത്തുടർന്ന് യുവാവ് വിവാഹാലോചനയിൽ നിന്ന് പിന്മാറി. “വിവാഹ സങ്കൽപ്പങ്ങൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാതെ വരുമ്പോൾ” എന്ന തലക്കെട്ടോടെ റെഡ്ഡിറ്റിൽ (Reddit) പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ സംഭവം പുറത്തുവന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമായത്.

മാട്രിമോണി ആപ്പ് വഴി പങ്കാളിയെ തിരയുകയായിരുന്ന തന്റെ സുഹൃത്തിനാണ് ഈ അനുഭവം ഉണ്ടായതെന്ന് ഉപയോക്താവ് പറയുന്നു. സ്വകാര്യ കോളേജിൽ നിന്ന് ബി.എസ്.സി ബിരുദം നേടിയ യുവതി സംസ്ഥാന സർക്കാർ വകുപ്പിലാണ് ജോലി ചെയ്തിരുന്നത്. എന്നാൽ, തന്റെ ജോലി താൽക്കാലികമാണെന്ന കാര്യം അവർ പ്രൊഫൈലിൽ വ്യക്തമാക്കിയിരുന്നില്ല.

അതേസമയം, ഭാവിവരനെക്കുറിച്ച് യുവതിക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. യുവാവിന്റെ ശമ്പളം എത്രയാണെന്ന് ചോദിച്ചറിഞ്ഞ യുവതി, വരന് നിശ്ചിത വരുമാനവും സ്വന്തമായി വീടും കാറും വേണമെന്ന് നിബന്ധന വെച്ചു. ആപ്പിൽ 5 അടി 5 ഇഞ്ച് ഉയരമുണ്ടെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും, തനിക്ക് നല്ല ഉയരമുള്ള ഒരാളെയാണ് താല്പര്യമെന്നും യുവതി സൂചിപ്പിച്ചു.

കാഴ്ചയിൽ സാധാരണക്കാരനായി തോന്നുമെങ്കിലും, പ്രമുഖ കോളേജിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും വിദേശത്തുനിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഒരു ഐ.എസ്.ആർ.ഒ (ISRO) ശാസ്ത്രജ്ഞനായിരുന്നു യുവാവ്. മികച്ച കരിയറും സൗകര്യപ്രദമായ ജീവിതസാഹചര്യങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാം ഭംഗിയായി മുന്നോട്ട് പോവുകയും വിവാഹനിശ്ചയ തീയതി തീരുമാനിക്കുകയും ചെയ്തു. എന്നാൽ, യുവതിയുടെ സർക്കാർ ജോലി താൽക്കാലികമാണെന്ന സത്യം വരന്റെ വീട്ടുകാർ അറിഞ്ഞതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.

പോസ്റ്റ് വൈറലായതോടെ നിരവധി പേർ വിവിധ കോണുകളിൽ നിന്നുള്ള അഭിപ്രായങ്ങളുമായി രംഗത്തെത്തി. പ്രധാനപ്പെട്ട കാര്യങ്ങൾ മറച്ചുവെക്കുന്നത് തുടക്കത്തിലേ വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ഒരു ഭാഗം മാത്രം കേട്ട് വിധിയെഴുതരുതെന്ന് മറ്റു ചിലർ മുന്നറിയിപ്പ് നൽകി.

താൽക്കാലിക ജോലിയാണെന്ന വിവരം മറച്ചുവെച്ചതിനാലും അമിതമായ നിബന്ധനകൾ വെച്ചതിനാലും വിവാഹത്തിൽ നിന്ന് പിന്മാറിയ വരന്റെ തീരുമാനം ശരിയാണെന്ന് ഒരാൾ കമന്റ് ചെയ്തു. സത്യങ്ങൾ മറച്ചുവെച്ചാലും ആരും ചോദ്യം ചെയ്യില്ലെന്ന യുവതിയുടെ ചിന്താഗതിയെയാണ് മറ്റൊരാൾ വിമർശിച്ചത്. ജോലിയുടെ കാര്യം ആദ്യമേ തുറന്നുപറയാതിരുന്നതാണ് ഈ സംഭവത്തിലെ പ്രധാന വഴിത്തിരിവെന്നും വിവാഹനിശ്ചയം വേണ്ടെന്നുവെച്ച വരന്റെ കുടുംബത്തിന്റെ തീരുമാനം തികച്ചും ഉചിതമാണെന്നും മൂന്നാമതൊരാൾ അഭിപ്രായപ്പെട്ടു.