Crime

“വേണ്ടച്ഛാ… ഞങ്ങൾ മരിച്ചുപോകും, “; അഞ്ചും ഏഴും വയസ്സുള്ള മക്കളെ കനാലിലെറിഞ്ഞ് പിതാവ്, കണ്ടെത്താനായിട്ടില്ല കുട്ടികളെ, കൊണ്ടുപോയത് ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ്

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള പൈത്താൻ പട്ടണത്തിൽ ഏഴും അഞ്ചും വയസ്സുള്ള രണ്ട് ആൺമക്കളെ പിതാവ് കനാലിലേക്ക് വലിച്ചെറിഞ്ഞു. ഏഴ് വയസ്സുകാരനായ ആര്യൻ, അഞ്ച് വയസ്സുകാരനായ ശ്യാം എന്നിവരാണ് ക്രൂരതയ്ക്ക് ഇരയായത്. നാട്ടുകാരായ കർഷകർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പാച്ചോഡ് പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി മുതൽ പൊലീസും മുങ്ങൽ വിദഗ്ധരും ചേർന്ന് കനാലിൽ ശക്തമായ തിരച്ചിൽ തുടരുകയാണെങ്കിലും കുട്ടികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ചോക്ലേറ്റും വടാപാവും വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതിയായ സോമനാഥ് ദാമോദർ റോഡ്‌ഗെ (40) മക്കളെ സ്കൂട്ടറിൽ കൂട്ടിക്കൊണ്ടുപോയത്. കനാലിനരികിലെത്തി വെള്ളത്തിലേക്ക് എറിയാൻ തുടങ്ങിയപ്പോൾ, ഭയന്നുവിറച്ച ആ കുരുന്നുകൾ ‘അച്ഛാ… ഞങ്ങൾ മരിച്ചുപോകും, ഞങ്ങളോട് ഇത് ചെയ്യരുതേ’ എന്ന് കരഞ്ഞുകൊണ്ട് അപേക്ഷിച്ചു.

എന്നാൽ മക്കളുടെ ദയനീയമായ നിലവിളികൾ അവഗണിച്ച് അയാൾ രണ്ടുപേരെയും വെള്ളത്തിലേക്ക് എറിയുകയായിരുന്നു. സംഭവം കണ്ട് തടയാൻ ഓടിയെത്തിയ കർഷകർക്കുനേരെ ഇയാൾ കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്തു.