Crime

വീടിന്റെ മുന്‍വാതിലേ പൊളിക്കൂ; മോഷണശേഷം ആര്‍ഭാടജീവിതം; കോടികളുടെ വീട് നിര്‍മാണത്തിനിടെ കുടുങ്ങി സൈനുദ്ദീന്‍, നൂറോളം കേസുകളിലെ പ്രതി

നൂറോളം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് സൈനുദ്ദീൻ ഒടുവിൽ പൊലീസ് പിടിയിലായി. മഞ്ചേരി പൊലീസും മലപ്പുറം ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാൾ കുടുങ്ങിയത്. ഒരു കോടി രൂപ ചെലവഴിച്ച് താൻ നിർമ്മിക്കുന്ന പുതിയ വീടിന്റെ പണികൾക്ക് മേൽനോട്ടം വഹിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.

മഞ്ചേരി നഗരത്തിൽ വീട് വാടകയ്ക്കെടുത്തായിരുന്നു സൈനുദ്ദീന്റെ താമസം. ആളില്ലാത്ത വീടുകൾ കണ്ടെത്തി മോഷണം നടത്തുകയും, തെളിവുകൾ പൂർണ്ണമായും നശിപ്പിച്ച ശേഷം അടുത്ത കവർച്ചയ്ക്ക് പദ്ധതിയിടുകയുമായിരുന്നു ഇയാളുടെ രീതി. മോഷണമുതൽ ഉപയോഗിച്ച് ആഡംബര കാറുകളിൽ സഞ്ചരിച്ചും കോടികൾ മുടക്കി വീട് നിർമ്മിച്ചും സുഖജീവിതം നയിക്കുന്നതിനിടെയാണ് പിടിവീണത്. ഒരിടത്ത് മോഷണം നടത്തിയാൽ ഉടൻ അടുത്ത ജില്ലയിലേക്ക് താമസം മാറുന്നതായിരുന്നു ഇയാളുടെ പതിവ്. ഇത്തരത്തിൽ സഹോദരിക്കും കുടുംബത്തിനുമൊപ്പം മഞ്ചേരി, രാമൻകുളം, കാവനൂർ എന്നിവിടങ്ങളിൽ വാടകയ്ക്ക് താമസിച്ചിരുന്നു. കാവനൂർ വടക്കമല റോഡിൽ നിർമ്മിക്കുന്ന ഒരു കോടി രൂപ വിലമതിക്കുന്ന ആഡംബര വീടിന്റെ പണിത്തിരക്കിനിടെയാണ് പൊലീസ് എത്തിയത്.

പതിനെട്ടാം വയസ്സിൽ മോഷണം തുടങ്ങിയ സൈനുദ്ദീനെതിരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറോളം കേസുകളുണ്ട്. പാലക്കാട്ടെ മോഷണക്കേസുകളിൽ ജയിലിലായിരുന്ന ഇയാൾ 2024-ലാണ് ജാമ്യത്തിലിറങ്ങിയത്. പിന്നീട് കോഴിക്കോട് ജില്ലയിൽ ഒരു പോക്സോ കേസിലും പ്രതിയായി. തേഞ്ഞിപ്പാലത്ത് നിന്ന് മഞ്ചേരി ഭാഗത്തേക്ക് താമസം മാറിയ ഇയാൾ, താനൊരു വസ്ത്രവ്യാപാരിയാണെന്നാണ് നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. പകൽ സമയങ്ങളിൽ ആഡംബര കാറിൽ കറങ്ങി ആളില്ലാത്ത വീടുകൾ നോട്ടമിടും. തുടർന്ന് അർധരാത്രി ബൈക്കിലെത്തി മുഖം മറച്ചും ഗ്ലൗസ് ധരിച്ചും പ്രത്യേക ആയുധം ഉപയോഗിച്ച് മുൻവാതിൽ തകർത്താണ് അകത്തുകടന്നിരുന്നത്.

മോഷണം നടത്തുന്ന വീടുകളിലെ സിസിടിവി ഹാർഡ് ഡിസ്കുകൾ എടുത്തുകൊണ്ടുപോവുകയോ നശിപ്പിക്കുകയോ ചെയ്ത് തെളിവുകൾ ഇല്ലാതാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതിരുന്ന ഇയാൾ കോടികൾ മുടക്കി വീട് നിർമ്മിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് രഹസ്യമായി നിരീക്ഷണം തുടങ്ങിയത്. മഞ്ചേരി ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിൽ എസ്.ഐ ശിശിര ശശികുമാർ, ഉദ്യോഗസ്ഥരായ ഉബൈദുള്ള, സാലിം എ., ധനേഷ്, ബിജു, മുജീബ് എന്നിവരും മലപ്പുറം ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സൈനുദ്ദീനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ കേസുകളിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.