Crime

“അച്ഛാ, തല്ലല്ലേ… എനിക്ക് പേടിയാ”; കുരുന്നിന്റെ ഉള്ളുപൊള്ളിക്കുന്ന നിലവിളി, അമ്മയുടെ പങ്കാളി മദ്യത്തിന് അടിമ, ക്രൂരത പുറത്തറിഞ്ഞത് അമ്മ പകർത്തിയ വീഡിയോയിലൂടെ

കൊല്ലം: “അച്ഛാ… എനിക്ക് അച്ഛനെ പേടിയാണ്, എന്നെ തല്ലല്ലേ…” – ചടയമംഗലം നിലമേൽ കുരിയോടുള്ള 13 വയസ്സുകാരന്റെ വേദനിപ്പിക്കുന്ന കരച്ചിൽ ഇതുവരെ വീടിന്റെ ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയിരുന്നു. ഇന്നലെ രാത്രിയും മദ്യപിച്ചെത്തിയ രണ്ടാനച്ഛൻ വാതിൽ ശക്തിയായി ഇടിച്ചുതുറന്ന് കുട്ടിയെ വസ്ത്രത്തിൽ പിടിച്ചുതൂക്കി ഹാളിലേക്ക് വലിച്ചിഴച്ചു. തുടർന്ന് വസ്ത്രങ്ങൾ അഴിച്ചുമാറ്റി വിറകുകഷണം കൊണ്ട് ക്രൂരമായി തല്ലിച്ചതച്ചു. വേദന താങ്ങാനാവാതെ കുട്ടി ഉറക്കെ നിലവിളിച്ചു. മർദനത്തിൽ കുട്ടിയുടെ ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്.

മകനെ രണ്ടാം ഭർത്താവ് അതിക്രൂരമായി തല്ലുന്നതും അസഭ്യം പറയുന്നതും കേട്ടുകൊണ്ട് അമ്മ ശാലിനി വീട്ടിൽത്തന്നെ ഉണ്ടായിരുന്നു. ശാലിനി മൊബൈലിൽ പകർത്തിയ മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തായതോടെയാണ് ഈ ക്രൂരത ലോകമറിഞ്ഞത്. മുൻപ് ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചിരുന്നെങ്കിലും, ഇന്നലത്തെ കൊടുംക്രൂരത കണ്ടതോടെ ശാലിനി ഭർത്താവിനെതിരെ പോലീസിൽ മൊഴി നൽകി.

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മൃഗീയമായി മർദിച്ച കേസിൽ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം മുളകോണം ചരുവിള വീട്ടിൽ രാജേഷ് (44) ആണ് പിടിയിലായത്. സംഭവമറിഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശൻ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും കൊല്ലം റൂറൽ എസ്.പിയെ നേരിട്ട് വിളിച്ച് പ്രതിയെ ഉടൻ പിടികൂടാൻ നിർദേശിക്കുകയുമായിരുന്നു. കഴിഞ്ഞ രാത്രിയിലാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം നടന്നത്.

ആദ്യ വിവാഹത്തിലുണ്ടായ മകനോടുള്ള വിരോധമാണ് ഈ ക്രൂരതയ്ക്ക് കാരണമെന്നും രാജേഷ് കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും അമ്മ ശാലിനി വ്യക്തമാക്കി. ശാലിനി-രാജേഷ് ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്. മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കുന്നതും ശാലിനിയെ മർദിക്കുന്നതും രാജേഷിന്റെ പതിവാണ്. മാതാപിതാക്കൾ വഴക്കിടുമ്പോൾ കുട്ടികൾ കരയുന്നത് പതിവായി കേൾക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. മദ്യലഹരിയിൽ അയൽക്കാരെയും ഇയാൾ ചീത്തവിളിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികളിൽ പഞ്ചായത്ത് അധികൃതർ എത്തി പലതവണ രാജേഷിന് താക്കീത് നൽകിയിട്ടുള്ളതാണ്.