മൗണ്ട് മൗംഗനൂയ്: ന്യൂസീലൻഡിനെതിരായ നാലാം ഏകദിനത്തിലെ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബാറ്റർമാർക്കെതിരെ രൂക്ഷവിമർശനവുമായി പരിശീലകൻ ഗൗതം ഗംഭീർ രംഗത്തെത്തി. ന്യൂസീലൻഡ് പേസർ മാറ്റ് ഹെൻറിയുടെ പന്തുകൾ കളിക്കാൻ പ്രയാസമുള്ളതാണെന്ന വാദം തള്ളിയ അദ്ദേഹം, പിഴവ് ഇന്ത്യൻ ബാറ്റർമാരുടെ ഭാഗത്താണെന്നും അതാണ് തന്നെ അലട്ടുന്നതെന്നും വ്യക്തമാക്കി. മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് ഗംഭീർ ഇക്കാര്യങ്ങൾ പറഞ്ഞത്.
രാജ്യാന്തര ക്രിക്കറ്റിൽ കളിക്കാൻ കഴിയാത്ത പന്തുകളില്ലെന്നും ആദ്യ പത്ത് ഓവറുകളിൽ കൂടുതൽ ശ്രദ്ധയോടെ ബാറ്റ് ചെയ്യണമായിരുന്നു എന്നും ഗംഭീർ പറഞ്ഞു. മാറ്റ് ഹെൻറി കൃത്യമായ സ്ഥലങ്ങളിലാണ് പന്തെറിഞ്ഞതെങ്കിലും അതിനെ പ്രതിരോധിക്കാൻ ബാറ്റർമാർക്ക് സാധിക്കണമായിരുന്നു. എന്നെ കൂടുതൽ ആശങ്കപ്പെടുത്തുന്നത് റൺസിന്റെ കുറവല്ല. വെറും 26-27 ഓവറുകൾക്കുള്ളിൽ നമ്മൾ ഓൾഔട്ടായി എന്നതാണ്. അതാണ് എപ്പോഴും ആശങ്കയുണ്ടാക്കുന്ന കാര്യം.- ഗംഭീർ പറഞ്ഞു
90 റൺസിൽ താഴെ ടീം പുറത്താകുന്നത് ഏതൊരു പരിശീലകനെയും ആശങ്കപ്പെടുത്തും. ലോകകപ്പിന് സമാനമായ സാഹചര്യങ്ങളിലാണ് കളിക്കുന്നതെന്ന ബോധ്യം താരങ്ങൾക്ക് വേണം. കഴിഞ്ഞ കളിയിലും ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ട കാര്യം ഓർമ്മിപ്പിച്ച അദ്ദേഹം, ഡി.എൽ.എസ് നിയമപ്രകാരം ജയിച്ച രണ്ടാം ഏകദിനത്തിൽ 111 റൺസിനിടെ ഏഴ് വിക്കറ്റ് വീണതും ചൂണ്ടിക്കാട്ടി. ബാറ്റിംഗ് നിര തുടർച്ചയായി തകരുന്നതാണ് വലിയ ആശങ്കയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ പിച്ചുകളിൽ ഇന്നിങ്സിന്റെ തുടക്കത്തിലുള്ള ഓവറുകൾ ബാറ്റിങ്ങിന് ഏറെ അനുകൂലമാണെങ്കിൽ, ന്യൂസീലൻഡിൽ ആദ്യ പത്ത് ഓവറുകളാണ് ബാറ്റർമാർക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘‘ആദ്യ പത്ത് ഓവറിൽ വിക്കറ്റ് പോകാതെ 35 മുതൽ 40 റൺസ് വരെ എടുക്കാനായാൽ അതൊരു നല്ല തുടക്കമാണ്. എന്നാൽ ഇവിടുത്തെ സാഹചര്യത്തിൽ ആദ്യ പത്ത് ഓവറുകൾ അതിജീവിക്കുക എന്നതാണ് ഏറ്റവും കടുപ്പമേറിയ കാര്യം’’ – ഗംഭീർ പറഞ്ഞു.
ന്യൂസീലൻഡ് പേസർമാരായ മാറ്റ് ഹെൻറിയും കൈൽ ജാമിസനും എറിഞ്ഞ പന്തുകളുടെ ലെങ്ത് മനസ്സിലാക്കി ബാറ്റർമാർ കൂടുതൽ കൃത്യതയോടെ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്നും ഗംഭീർ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ചും, മുന്നോട്ട് ആഞ്ഞു കളിക്കണോ അതോ പിന്നോട്ടിറങ്ങി പ്രതിരോധിക്കണോ എന്ന് ബാറ്റർമാരെ കുഴപ്പിക്കുന്ന രീതിയിലുള്ള പന്തുകളെ നേരിടുമ്പോൾ കൂടുതൽ വ്യക്തതയും ശ്രദ്ധയും പുലർത്തേണ്ടതുണ്ട്.
മറുപടി ബാറ്റിങ്ങിൽ ഒൻപത് റൺസ് എടുക്കുന്നതിനിടെ തന്നെ ഇന്ത്യയ്ക്ക് നാല് വിക്കറ്റുകൾ നഷ്ടമായിരുന്നു. സ്കോർ ബോർഡ് തുറക്കും മുൻപ് മാറ്റ് ഹെൻറിയുടെ ആദ്യ ഓവറിൽ തന്നെ രോഹിത് ശർമ, വിരാട് കോലി, ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവർ പുറത്തായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. അഞ്ച് റൺസ് നേടിയ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിനെ കൈൽ ജാമിസന്റെ പന്തിൽ മിച്ചൽ ബ്രേസ്വെൽ പിടികൂടി. മുൻനിര തകർന്നതിന് പിന്നാലെ മധ്യനിര പൊരുതിനോക്കാൻ ശ്രമിച്ചെങ്കിലും മാറ്റ് ഹെൻറിയും മാത്യു ഫിഷറും ചേർന്ന് ഇന്ത്യൻ ബാറ്റർമാരെ പൂർണ്ണമായും തകർത്തെറിഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 333 റൺസ് നേടിയെങ്കിലും ഇന്ത്യൻ ബൗളർമാരുടെ പ്രകടനത്തിൽ ഗംഭീർ അതൃപ്തി പ്രകടിപ്പിച്ചില്ല. എന്നാൽ നിർണ്ണായക ക്യാച്ചുകൾ പാഴാക്കിയതിനാൽ ഫീൽഡിംഗിൽ ടീം ഇനിയും മെച്ചപ്പെടാനുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബൗളർ ആഖ്വിബ് നബിക്ക് ഭാഗ്യമില്ലാതെ പോയെന്നും വിൽ യംഗിന്റെ ക്യാച്ച് കൈവിടാതിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെയെന്നും ഗംഭീർ പറഞ്ഞു. ക്യാച്ചുകൾ നഷ്ടപ്പെടുത്തിയാൽ അതിന് വലിയ വില നൽകേണ്ടിവരുമെന്നും എന്നാൽ ഇന്ത്യയുടെ ബൗളിംഗ് നിരയെക്കുറിച്ച് എല്ലാവർക്കും അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




