നാലാം ഏകദിനത്തിൽ ന്യൂസീലൻഡ് ഉയർത്തിയ 334 റൺസ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ വൻ തകർച്ച. സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ശ്രേയസ് അയ്യരും റണ്ണൊന്നുമെടുക്കാതെ പുറത്തായി. മാറ്റ് ഹെൻറിയുടെ പന്തിൽ സ്ലിപ്പിൽ ഫിൻ അലന് ക്യാച്ച് നൽകിയാണ് രോഹിത് മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ വിരാട് കോലിയെ മൂന്നാം പന്തിൽ ഹെൻറി തന്നെ മടക്കി. നാലാമനായി ഇറങ്ങിയ ശ്രേയസ് അയ്യർ എൽബിഡബ്ല്യുവിൽ കുടുങ്ങി.
അംപയർ കുമാർ ധർമസേന ആദ്യം നോട്ടൗട്ട് വിളിച്ചെങ്കിലും കിവീസിന്റെ റിവ്യൂവിൽ ഔട്ടാണെന്ന് തെളിയുകയായിരുന്നു. ആദ്യ ഓവറിൽ റണ്ണൊന്നും നേടാതെയാണ് ഇന്ത്യയുടെ മുൻനിര താരങ്ങൾ കൂടാരം കയറിയത്. വെറും അഞ്ച് പന്തുകൾക്കുള്ളിൽ മാറ്റ് ഹെൻറി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. പിന്നാലെ കെയില്‍ ജാമിയാസണ് എറിഞ്ഞ പന്തില്‍ അഞ്ചുറണ്‍സെടുത്ത ഋതുരാജ് ഗെയ്ക്വാദും പുറത്തായി. 13 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന പരിതാപകരമായ അവസ്ഥയിലാണ് ഇന്ത്യ. 17 റണ്ണെടുത്ത ഇഷാന് കിഷനും 9 റണ്ണെടുത്ത അക്സര്‍ പട്ടേലുമാണ് ക്രീസില്‍.
ടെസ്റ്റ് പരമ്പരയ്ക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ശുഭ്മൻ ഗില്ലിന് വിശ്രമം നൽകിയതോടെ ഋതുരാജ് ഗെയ്ക്വാദാണ് ഓപ്പണറായി ഇറങ്ങിയത്. ഗില്ലിന് പുറമെ കെ.എൽ. രാഹുലും അൻഷുൽ കംബോജും ഈ മത്സരത്തിൽ കളിക്കുന്നില്ല. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0ത്തിന് മുന്നിലുള്ള ഇന്ത്യ, ഇന്നത്തെ മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. നേരത്തെ ടോസ് നേടിയ ഇന്ത്യ ന്യൂസീലൻഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ഓപ്പണർ വിൽ യങ്ങിന്റെ തകർപ്പൻ ബാറ്റിങ്ങിന്റെ കരുത്തിൽ 50 ഓവറിൽ 333 റൺസെന്ന കൂറ്റൻ സ്കോറാണ് ന്യൂസീലൻഡ് പടുത്തുയർത്തിയത്. തുടക്കത്തിൽ രോഹിത് ശർമയും ഇഷാൻ കിഷനും കൈവിട്ട ക്യാച്ചുകൾക്ക് ഇന്ത്യയ്ക്ക് വലിയ വില നൽകേണ്ടി വന്നു. 30 പന്തിൽ 41 റൺസെടുത്ത ഫിൻ അലനെ രോഹിത് ശർമ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി. ഇന്ത്യയ്ക്കായി അക്സർ പട്ടേൽ, ഗുർനൂർ ബ്രാർ, ആക്വിബ് നബി എന്നിവർ രണ്ട് വീതം വിക്കറ്റുകളും അർഷ്ദീപ് സിങ്, നമൻ ധീർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.




