Sports

ഷോട്ടിനിടെ ഫിറ്റ്നസ് ബാൻഡ് പിൻ തെറിച്ചുപോയി, തിരഞ്ഞ് കോഹ്‌ലി! കണ്ടെത്തിയത് അമ്പയർ, തിരികെ കിട്ടിയപ്പോൾ സെഞ്ചുറി അടിച്ച മട്ടിൽ സെലിബ്രേഷൻ! വീഡിയോ

ഇന്ത്യ- ന്യൂസിലാൻഡ് ഏകദിന മത്സരത്തിനിടെ തന്റെ കയ്യിലുണ്ടായിരുന്ന വൂപ്പ് (WHOOP) ഫിറ്റ്‌നസ് ബാൻഡിന്റെ പിൻ നഷ്ടപ്പെട്ടതിനെ തുടർന്ന് വിരാട് കോഹ്‌ലി ഗ്രൗണ്ടിൽ തീർത്ത തമാശനിമിഷങ്ങൾ കാണികൾക്ക് മികച്ചൊരു വിരുന്നായി മാറി. ന്യൂസിലാൻഡ് പേസർ നഥാൻ സ്മിത്തിന്റെ പന്തിൽ പുൾ ഷോട്ടിന് ശ്രമിച്ചപ്പോഴാണ് സംഭവം നടന്നത്.

പന്ത് കോഹ്‌ലിയുടെ കയ്യിലിരുന്ന ഫിറ്റ്‌നസ് ബാൻഡിൽ തട്ടുകയും അതിന്റെ ചെറിയ പിൻ തെറിച്ച് ഗ്രൗണ്ടിൽ വീഴുകയുമായിരുന്നു. പിൻ നഷ്ടപ്പെട്ട കാര്യം മനസ്സിലാക്കിയ കോഹ്‌ലി അത് കണ്ടെത്താനായി ഗ്രൗണ്ടിൽ തിരച്ചിൽ തുടങ്ങി. ഒടുവിൽ അമ്പയറാണ് ഈ ചെറിയ പിൻ കണ്ടെത്തി കോഹ്‌ലിക്ക് കൈമാറിയത്.



അത് തിരികെ ലഭിച്ച സന്തോഷത്തിൽ, വലിയൊരു നാഴികക്കല്ല് പിന്നിട്ടത് പോലെ കോഹ്‌ലി കാണികൾക്ക് നേരെ ബാറ്റ് ഉയർത്തി ആഹ്ലാദം പ്രകടിപ്പിച്ചത് സ്റ്റേഡിയത്തിൽ വലിയ ചിരിയും കൈയടിയും ഉയർത്തി.

ഇന്ത്യ-ന്യൂസിലാൻഡ് ഒന്നാം ഏകദിന മത്സരത്തിലുടനീളം കോഹ്‌ലിയുടെ മികച്ച പ്രകടനമാണ് കാണാൻ സാധിച്ചത്. നഥാൻ സ്മിത്തിനെ പുറത്താക്കാൻ ഉഗ്രനൊരു ഡൈവിംഗ് ക്യാച്ച് എടുത്ത കോഹ്‌ലി ഫീൽഡിംഗിൽ തിളങ്ങി.


പിന്നീട് മറുപടി ബാറ്റിംഗിൽ 51 പന്തുകളിൽ നിന്ന് 74 റൺസ് നേടി ഇന്ത്യയുടെ ടോപ്പ് സ്‌കോററുമായി. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് 13,000 റൺസ് തികയ്ക്കുന്ന ആദ്യ കളിക്കാരൻ എന്ന ചരിത്രനേട്ടവും ഈ ഇന്നിംഗ്സോടെ കോഹ്‌ലി സ്വന്തമാക്കി.