ബെംഗളൂരു: വിജനമായ പറമ്പ് വൃത്തിയാക്കുന്നതിനിടെ ശുചീകരണത്തൊഴിലാളികൾ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് തെളിയിച്ചു. ബെംഗളൂരു നഗരസഭയുടെ ശുചീകരണ ദൗത്യത്തിനിടെയാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സമ്പംഗിഹള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ, 28-കാരിയായ യുവതിയെ ഭർത്താവ് തന്നെ കൊലപ്പെടുത്തി പറമ്പിൽ തള്ളിയതാണെന്ന് വ്യക്തമായി.
അനസൂയ ബെഹറ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവും ബിഹാർ സ്വദേശിയുമായ സാഗർ ചന്ദ്ര റാവത്തിനെ (32) പോലീസ് അറസ്റ്റ് ചെയ്തു. പ്രണയവിവാഹിതരായ ഇരുവരും ഏതാനും മാസങ്ങൾക്ക് മുൻപാണ് ബെംഗളൂരുവിലേക്ക് താമസത്തിനെത്തിയത്. സാഗർ ഹോട്ടലിലും അനസൂയ വസ്ത്രശാലയിലുമാണ് ജോലി ചെയ്തിരുന്നത്. ഇവർക്കിടയിൽ നിലനിന്നിരുന്ന സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഓഗസ്റ്റ് 11-ന് ഉണ്ടായ തർക്കത്തിനിടെ സാഗർ അനസൂയയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം മൂന്ന് ദിവസത്തോളം വീട്ടിനുള്ളിൽ തന്നെ സൂക്ഷിച്ചു. പിന്നീട് ബെഡ്ഷീറ്റിൽ പൊതിഞ്ഞ് സമ്പംഗിഹള്ളിയിലെ വിജനമായ പറമ്പിൽ ഉപേക്ഷിച്ചു. മൃതദേഹം ആരെങ്കിലും കണ്ടോ എന്നറിയാൻ ഇയാൾ ദിവസവും ഇവിടെയെത്തി നിരീക്ഷിച്ചിരുന്നു. കൊലപാതകം നടന്ന് 20 ദിവസങ്ങൾക്ക് ശേഷമാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തുന്നത്.
ശുചീകരണത്തിനിടെ മൃതദേഹം കാണുമ്പോൾ തെരുവ് നായ്ക്കൾ ഇതിന്റെ ചില ഭാഗങ്ങൾ ഭക്ഷിച്ചിരുന്നു. മൃതദേഹം പൂർണ്ണമായി ജീർണിച്ചതിനാൽ ആളെയറിയാൻ പോലീസ് ബുദ്ധിമുട്ടിയെങ്കിലും വസ്ത്രത്തിലെ ടാഗ് വഴിത്തിരിവായി. ഈ വസ്ത്രം വിറ്റ ഷോപ്പിങ് മാളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് കൊല്ലപ്പെട്ടത് അനസൂയയാണെന്ന് ഉറപ്പാക്കാൻ പോലീസിനെ സഹായിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതക ശേഷവും സാഗർ പതിവുപോലെ ജോലിക്ക് എത്തിയിരുന്നതായി കണ്ടെത്തി. സാഗറിന്റെ ഹോട്ടലിൽ നിന്ന് ഇരുവരുടെയും വഴക്കിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.




