Celebrity Featured

‘വിവിയൻ റിച്ചാർഡ്‌സാണ് നിന്റെ പിതാവ് എന്ന സത്യം ഞാൻ തന്നെയാണ് മകളോട് പറഞ്ഞത്’; മസാബയെ വളർത്തിയ കഥ പറഞ്ഞ് നീനാ ഗുപ്ത

മുംബൈ: 1987-ലെ ഇന്ത്യൻ പര്യടനത്തിനിടെ വെസ്‌റ്റിൻഡീസ് നായകൻ വിവിയൻ റിച്ചാർഡ്‌സും നടി നീനാ ഗുപ്‌തയും തമ്മിലുണ്ടായ പ്രണയബന്ധം അന്നത്തെ കായിക-സിനിമ ലോകത്ത് ഏറെ ചർച്ചയായ ഒന്നായിരുന്നു. പിന്നീട് ഇവർക്ക് മസാബ എന്ന പെൺകുഞ്ഞു പിറന്നതും, അവിവാഹിതയായ നീന മകളെ ഒറ്റയ്ക്ക് വളർത്തിയതുമെല്ലാം വാർത്തകളിൽ നിറഞ്ഞുനിന്നു. വിവാഹിതരാകാതിരുന്നിട്ടും മസാബയെ റിച്ചാർഡ്‌സിന്റെ മകളായിത്തന്നെ വളർത്തിയതിനെക്കുറിച്ചും, പിതാവിനെക്കുറിച്ചുള്ള സത്യങ്ങൾ മകളെ എങ്ങനെ ബോധ്യപ്പെടുത്തി എന്നതിനെക്കുറിച്ചും ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് നീന ഗുപ്ത.

‘സൂം സ്‌പോട്ട്‌ലൈറ്റ് സെഷൻസിൽ’ സംസാരിക്കവെ, മകൾ മസാബയുമായുള്ള ബന്ധത്തെക്കുറിച്ചും കുട്ടികളോട് പുലർത്തേണ്ട സത്യസന്ധതയെക്കുറിച്ചും അവർ തുറന്നുപറഞ്ഞു. അച്ഛനോട് യാതൊരുവിധ വിദ്വേഷവും തോന്നാത്ത രീതിയിലാണ് താൻ മകളെ വളർത്തിയതെന്ന് നീന വ്യക്തമാക്കി. കുടുംബ പശ്ചാത്തലത്തെക്കുറിച്ച് പുറത്തുനിന്നുള്ളവരിൽ നിന്ന് അറിയുന്നതിനേക്കാൾ നല്ലത്, മകൾ വളരുന്നതിനനുസരിച്ച് ചോദ്യങ്ങൾക്ക് ഘട്ടംഘട്ടമായി താൻതന്നെ സത്യം പറഞ്ഞു കൊടുക്കുന്നതാണെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് നീന ഓർത്തെടുത്തു.

കുട്ടികളോട് കാര്യങ്ങൾ ഒറ്റയടിക്ക് പറയുന്നതിന് പകരം, പതുക്കെ സംസാരിക്കാനാണ് താൻ ആഗ്രഹിച്ചതെന്ന് നീന പറഞ്ഞു. മകൾ ചോദിച്ചപ്പോഴൊക്കെ അച്ഛനെ സ്നേഹിക്കുന്ന രീതിയിൽ സത്യം പറഞ്ഞു കൊടുത്തു. അതിനാൽത്തന്നെ വളർന്നുവന്നപ്പോൾ തന്നോട് മകൾക്ക് ദേഷ്യമോ വിദ്വേഷമോ തോന്നിയില്ലെന്നും, കാര്യങ്ങൾ നേരിട്ട് പറഞ്ഞതുകൊണ്ട് തങ്ങൾക്കിടയിൽ വലിയൊരു വിശ്വാസം വളർന്നുവന്നെന്നും അവർ കൂട്ടിച്ചേർത്തു.

മറ്റുള്ളവരിൽ നിന്ന് കേൾക്കുന്നതിനേക്കാൾ അമ്മയിൽ നിന്ന് നേരിട്ട് സത്യമറിയുന്നത് കുട്ടികളിൽ പൂർണ്ണമായ വിശ്വാസ്യത വളർത്താൻ സഹായിക്കുമെന്ന് നീന വിശ്വസിക്കുന്നു. താൻ മകളോട് തികഞ്ഞ സത്യസന്ധത പുലർത്താറുണ്ടെന്നും, ചെറുപ്പത്തിൽ അച്ഛന്റെ സാന്നിധ്യം നൽകാൻ കഴിയാത്തതിൽ പലപ്പോഴും മകളോട് ക്ഷമ ചോദിച്ചിട്ടുണ്ടെന്നും നീന വെളിപ്പെടുത്തി. എങ്കിലും ആ സാഹചര്യങ്ങൾ മനസ്സിലാക്കാൻ മസാബയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും, പ്രായമാകുമ്പോഴാണ് ചെറുപ്പത്തിൽ മാതാപിതാക്കൾ എടുത്ത തീരുമാനങ്ങളുടെ ശരിതെറ്റുകൾ തിരിച്ചറിയാൻ സാധിക്കുകയെന്നും അവർ അഭിപ്രായപ്പെട്ടു.

മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ റിച്ചാർഡ്‌സുമായുള്ള ബന്ധത്തെക്കുറിച്ചും വിവാഹം കഴിക്കാത്തതിനെക്കുറിച്ചും നീന സംസാരിച്ചിരുന്നു. റിച്ചാർഡ്‌സ് ആ സമയത്ത് വിവാഹിതനായിരുന്നതിനാലും ഇരുവരുടെയും ജോലികൾ വ്യത്യസ്ത രാജ്യങ്ങളിലായിരുന്നതിനാലും വിവാഹം പ്രായോഗികമല്ലായിരുന്നു. എന്നാൽ കുഞ്ഞിന് ജന്മം നൽകാനുള്ള തീരുമാനം തന്റേതു മാത്രമായിരുന്നുവെന്നും, പ്രണയത്തിലായിരുന്ന ആ കാലഘട്ടത്തിൽ അതിന് റിച്ചാർഡ്‌സിന്റെ സമ്മതമുണ്ടായിരുന്നുവെന്നും നീന ഓർത്തെടുത്തു.

പഴയ ബന്ധങ്ങളിൽ നിന്ന് മാറി 2008-ൽ വിവേക് മെഹ്‌റയെ വിവാഹം കഴിച്ച നീന ഗുപ്ത പുതിയൊരു ജീവിതത്തിലേക്ക് കടന്നു. അതേസമയം, പ്രശസ്ത ഡിസൈനറായ മസാബ ഗുപ്ത 2015-ൽ മധു മാന്റിനയെ വിവാഹം കഴിച്ചെങ്കിലും 2019-ൽ വേർപിരിഞ്ഞു. തുടർന്ന് 2023-ൽ നടൻ സത്യദീപ് മിശ്രയെ വിവാഹം കഴിച്ച മസാബയ്ക്ക് അടുത്തിടെ ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു.