പട്ന: വിദ്യാർഥികൾക്ക് പ്രത്യുൽപാദന ആരോഗ്യത്തെക്കുറിച്ചും ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചും അവബോധം നൽകിയ ബയോളജി അധ്യാപകന്റെ ക്ലാസ് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായി. ചന്ദൻ കുമാർ പണ്ഡിറ്റ് എന്ന അധ്യാപകൻ വെള്ളരിക്കയും കോണ്ടവും ഉപയോഗിച്ച് വിഷയം പ്രായോഗികമായി വിശദീകരിക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ഇത്തരം വിഷയങ്ങൾ തുറന്നു സംസാരിക്കാൻ കാണിച്ച ധൈര്യത്തിന് നിരവധി പേർ അദ്ദേഹത്തെ പ്രശംസിച്ചപ്പോൾ, ക്ലാസ് എടുത്ത രീതിയെ വിമർശിച്ചുകൊണ്ടും ചിലർ രംഗത്തെത്തി.
ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ തടയാനും ജനനനിയന്ത്രണത്തിനും കോണ്ടം എത്രത്തോളം സഹായകരമാണെന്ന് അദ്ദേഹം ക്ലാസിൽ വ്യക്തമാക്കുന്നു. കോണ്ടം ഉപയോഗിക്കേണ്ട ശരിയായ രീതിയും അതിന്റെ പ്രവർത്തനവും അധ്യാപകൻ കുട്ടികൾക്ക് വിശദീകരിച്ചു നൽകി. ജീവശാസ്ത്ര സിലബസിന്റെ ഭാഗമായുള്ള പാഠഭാഗമാണ് താൻ പഠിപ്പിച്ചതെന്നും, ഇതൊരു നിയമ ലംഘനവുമല്ലെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. സങ്കീർണ്ണമായ വിഷയങ്ങൾ കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ പഠിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹമാധ്യമങ്ങളിൽ ഇതിനോടകം രണ്ട് കോടിയോളം ആളുകളാണ് ഈ വീഡിയോ കണ്ടത്. പ്രായോഗികമായ ബോധവൽക്കരണം നൽകിയതിന് ഒരു വിഭാഗം ആളുകൾ അധ്യാപകനെ പിന്തുണച്ചപ്പോൾ, ഇത്തരം രീതികൾ വിദ്യാഭ്യാസ മേഖലയ്ക്ക് അനുയോജ്യമല്ലെന്ന വാദവുമായി മറുവിഭാഗവും എത്തി. ഇത്തരം വിഷയങ്ങൾ പഠിപ്പിക്കുന്നത് തെറ്റല്ലെന്നും, എന്നാൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ക്ലാസുകൾ സംഘടിപ്പിച്ച് അതത് ലിംഗത്തിൽപ്പെട്ട അധ്യാപകർ ക്ലാസെടുക്കുന്നതാണ് ഉചിതമെന്നും ചിലർ അഭിപ്രായപ്പെട്ടു.




