വടക്കൻ ചൈനയിൽ മരിച്ചെന്നു കരുതി ശീതീകരിച്ച ശവപ്പെട്ടിയിൽ അടക്കം ചെയ്ത എഴുപതുകാരിയായ വൃദ്ധയ്ക്ക് ഒരു ദിവസത്തിന് ശേഷം ജീവന്റെ ലക്ഷണങ്ങൾ തിരികെ ലഭിച്ചു. എന്നാല്, മണിക്കൂറുകൾക്ക് ശേഷം അവർ യഥാർത്ഥത്തിൽ മരണപ്പെടുകയും ചെയ്തതായി റിപ്പോർട്ട്. ചൈനയിലെ ഹെബെയ് പ്രവിശ്യക്കാരിയായ ഈ വൃദ്ധ വർഷങ്ങളായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു. പത്തുവർഷത്തിലധികമായി തലച്ചോറിലെ രക്തധമനികളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥയിലായിരുന്ന ഇവർക്ക് പിന്നീട് കാൻസറും സ്ഥിരീകരിച്ചിരുന്നു.
കാൻസർ രോഗം ഇനി ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഇവരെ വീട്ടിലേക്ക് കൊണ്ടുവരികയും പരിചരിച്ചു വരികയുമായിരുന്നു. സെപ്റ്റംബർ 8-ന് ഇവരിൽ ജീവന്റെ ലക്ഷണങ്ങളൊന്നും കാണാതായതോടെ ഇവർ മരിച്ചതായി ബന്ധുക്കൾ ഉറപ്പിച്ചു. തുടർന്ന് ദൂരസ്ഥലങ്ങളിലുള്ള ബന്ധുക്കൾക്ക് എത്തിച്ചേരാനും അന്തിമോപചാരം അർപ്പിക്കാനുമായി മൃതദേഹം ശീതീകരണ സൗകര്യമുള്ള ശവപ്പെട്ടിയിലേക്ക് മാറ്റി.
എന്നാൽ അടുത്ത ദിവസം വൈകുന്നേരം, ശവപ്പെട്ടിക്കുള്ളിൽ നിന്ന് വളരെ ചെറിയൊരു മൂളൽ ശബ്ദം കേൾക്കുന്നതായി മരുമകൾ ശ്രദ്ധിച്ചു. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ ഉടൻ തന്നെ ശവപ്പെട്ടി തുറന്നു നോക്കിയപ്പോൾ വൃദ്ധ ശ്വാസമെടുക്കുന്നതാണ് കണ്ടത്. അവർക്ക് നേരിയ ബോധം തിരികെ ലഭിക്കുകയും കണ്ണുകൾ തുറക്കുകയും ചെയ്തെങ്കിലും, ശരീരം വളരെ ക്ഷീണിതയായതിനാൽ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സാധിച്ചിരുന്നില്ല.
മൃതദേഹം പൂർണ്ണമായി തണുത്തുറഞ്ഞുപോകുന്ന അവസ്ഥയിലുള്ള ശവപ്പെട്ടിയിലായിരുന്നില്ല, മറിച്ച് നേരിയ ശീതീകരണ സംവിധാനമുള്ള പെട്ടിയിലായിരുന്നു വെച്ചിരുന്നത്. വ്യക്തിയുടെ ജീവന്റെ ലക്ഷണങ്ങൾ തികച്ചും അപ്രാപ്യമാകുന്ന ‘അപ്പാരന്റ് ഡെത്ത്’ (apparent death) എന്ന അവസ്ഥയായിരിക്കാം ഇതെന്നാണ് പ്രാദേശിക ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇത്തരം സന്ദർഭങ്ങളിൽ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും വളരെ ദുർബലമാവുകയും വ്യക്തി ബോധരഹിതനാവുകയും ചെയ്യും. കൃത്യമായ വൈദ്യപരിശോധനയില്ലാതെ ഒരാൾ മരിച്ചോ ഇല്ലയോ എന്ന് നിർണ്ണയിക്കുന്നത് ഇത്തരം സാഹചര്യങ്ങളിൽ പ്രയാസകരമാണ്.
എന്നാൽ ഇവരുടെ ഈ തിരിച്ചുവരവ് അധികനേരം നീണ്ടുനിന്നില്ല. ശ്വാസമെടുക്കുന്നത് കണ്ടുപിടിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം, സെപ്റ്റംബർ 11-ന് അവർ മരണപ്പെട്ടു. തുടർന്ന് സെപ്റ്റംബർ 13-ന് സംസ്കാര ചടങ്ങുകൾ നടന്നു.
വൃദ്ധയുടെ ബന്ധുക്കളിലൊരാൾ ഈ സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. കഥയുടെ സത്യസന്ധതയെ ചിലർ ചോദ്യം ചെയ്തെങ്കിലും, സ്വന്തം കുടുംബത്തിലെ ഒരാളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കേണ്ട കാര്യമില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. തങ്ങൾ ഈ സംഭവത്തെക്കുറിച്ച് കേട്ടിട്ടുണ്ടെന്ന് പ്രദേശവാസികളും സ്ഥിരീകരിച്ചു. അപൂർവ്വമായ ഈ സംഭവം, ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ മരണം സ്ഥിരീകരിക്കുന്നതിന് മുൻപ് കൃത്യമായ വൈദ്യപരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകൾക്ക് സോഷ്യൽ മീഡിയയിൽ തുടക്കമിട്ടിരിക്കുകയാണ്.




