ചെൽട്ടൻഹാമിൽ നിന്നുള്ള 97-കാരിയായ ബെറ്റി ബ്രൊമേജ്, വിമാനം പറക്കുമ്പോൾ അതിന്റെ ചിറകിൽ നിൽക്കുന്ന ‘വിംഗ് വാക്ക്’ (Wing Walk) വിജയകരമായി പൂർത്തിയാക്കി വീണ്ടും ചരിത്രം കുറിച്ചു. ലോകത്തിൽ ഈ സാഹസിക പ്രവൃത്തി ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന ഗിന്നസ് ലോക റെക്കോർഡ് ഇതോടെ അവർക്ക് ലഭിച്ചു. വർഷങ്ങൾക്ക് മുമ്പ് താൻ തന്നെ സ്ഥാപിച്ച റെക്കോർഡാണ് ബെറ്റി ഇപ്പോൾ പുതുക്കിയിരിക്കുന്നത്.
മസ്തിഷ്കാഘാതം (Stroke) വന്ന് ഒരു വർഷ തികയുന്നതിന് മുമ്പാണ് അവർ ഈ അപൂർവ്വ നേട്ടം കൈവരിച്ചത് എന്നത് ഈ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു. ആരോഗ്യപ്രശ്നങ്ങൾക്ക് മുന്നിൽ പതറാതെ, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ തന്റെ ആറാമത്തെ വിംഗ് വാക്കിലൂടെ അവർ ആകാശത്തേക്ക് തിരിച്ചെത്തി.
പ്രായം കൂടുന്നത് സാഹസികത ഉപേക്ഷിക്കാനുള്ള കാരണമായി അവർ കരുതുന്നില്ല. “അല്ലാത്തപക്ഷം ജീവിതം എനിക്ക് വിരസമായിത്തോന്നും,” എന്നാണ് സാഹസികത തുടരുന്നതിനെക്കുറിച്ച് ബെറ്റി പറഞ്ഞത്. വാഹനം ഓടിക്കാൻ കഴിയുന്നില്ലെങ്കിലും കാഴ്ചശക്തി കുറഞ്ഞെങ്കിലും, വയസ്സ കാലത്തുണ്ടാകുന്ന പരിമിതികളെ ഓർത്ത് സങ്കടപ്പെടാതെ തനിക്ക് ഇപ്പോഴും ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അവർ ഇഷ്ടപ്പെടുന്നത്.
വിമാനം ആകാശത്ത് പറന്നുയരുമ്പോൾ അതിന്റെ ചിറകിൽ നിൽക്കുന്നതിനേക്കാൾ പ്രയാസം അതിലേക്ക് കയറുന്നതാണെന്ന് ബെറ്റി പറയുന്നു. “എനിക്ക് ഉയരം കുറവായതുകൊണ്ട് വിമാനത്തിന്റെ ചിറകിലേക്ക് കയറിപ്പറ്റുക എന്നത് മാത്രമാണ് ഏക ബുദ്ധിമുട്ട്,” അവർ തമാശയോടെ പറഞ്ഞു. ഒരിക്കൽ മുകളിൽ കയറി സുരക്ഷിതമായി നിന്നു കഴിഞ്ഞാൽ ഇത് വളരെ ആസ്വാദ്യകരമാണെന്നും അമ്യൂസ്മെന്റ് പാർക്കുകളിലെ റൈഡുകളേക്കാൾ പേടി കുറവാണ് ഇതിനെന്നുമാണ് അവരുടെ അഭിപ്രായം.
ലോക റെക്കോർഡുകൾ സ്ഥാപിക്കുന്നതിന് മുമ്പ് ബെറ്റി ഒരു നഴ്സായി ജോലി ചെയ്യുകയായിരുന്നു. പണ്ട് ഒരു ആശുപത്രി ചുവരിൽ കണ്ട “നമ്മൾ ജീവിതത്തിലൂടെ കടന്നുപോകുന്നത് ഒരിക്കൽ മാത്രമാണ്, അതിനാൽ ചെയ്യാൻ കഴിയുന്ന നല്ല കാര്യങ്ങളും കാരുണ്യവും ഇപ്പോൾത്തന്നെ ചെയ്യുക” എന്ന വാചകമാണ് തന്റെ ജീവിതത്തെ നയിക്കുന്നതെന്ന് അവർ ഓർത്തെടുക്കുന്നു.
ഈ സാഹസിക പ്രകടനം വെറുമൊരു റെക്കോർഡിന് വേണ്ടി മാത്രമായിരുന്നില്ല. തനിക്ക് മസ്തിഷ്കാഘാതം വന്നപ്പോൾ ചികിത്സ നൽകിയ ചെൽട്ടൻഹാം ജനറൽ ആശുപത്രിക്ക് വേണ്ടി ഫണ്ട് ശേഖരിക്കുക എന്ന ലക്ഷ്യം കൂടിയ ഇതിനുണ്ടായിരുന്നു. തനിക്ക് പരിചരണം നൽകിയ ഡോക്ടർമാർക്കും നഴ്സുമാർക്കും ജീവനക്കാർക്കും അവർ നന്ദി അറിയിച്ചു. ഈ തുക ആശുപത്രിയിലെ രോഗികൾക്കും ജീവനക്കാർക്കും ഉപകാരപ്പെടുന്ന അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ സഹായിക്കുമെന്ന് ആശുപത്രി ചാരിറ്റി വിഭാഗത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഒരു വിന്റേജ് വിമാനത്തിന്റെ ചിറകിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക ഫ്രെയിമിൽ വ്യക്തികളെ സുരക്ഷിതമായി ബന്ധിപ്പിച്ച ശേഷം പൈലറ്റ് വിമാനം പറത്തുന്ന രീതിയാണ് ‘വിംഗ് വാക്കിംഗ്’. കേൾക്കുമ്പോൾ വലിയ അപകടകരമായി തോന്നുമെങ്കിലും, കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് വിദഗ്ദ്ധർ ഇത് നടത്തുന്നത്.




