Lifestyle

സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം, വിദേശ വിദ്യാർത്ഥികൾക്കും പരിധി; മെലോനിയുടെ നിർണായക പ്രഖ്യാപനം

ഇറ്റലിയിലെ സ്കൂളുകളിൽ ബുർഖയും നിഖാബും പൂർണ്ണമായി നിരോധിക്കാനും, ക്ലാസ് മുറികളിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്താനും ലക്ഷ്യമിട്ടുള്ള പുതിയ നിയമനിർമ്മാണം ഉടൻ ഭരണസഭകളിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി ജോർജിയ മെലോനി അറിയിച്ചു. റോമിൽ നടന്ന തന്റെ രാഷ്ട്രീയ പാർട്ടിയായ ‘ബ്രദേഴ്സ് ഓഫ് ഇറ്റലി’യുടെ യുവജന വിഭാഗത്തിന്റെ ദേശീയ സമ്മേളനത്തിൽ സംസാരിക്കവേയാണ് അവർ ഈ പ്രധാന പ്രഖ്യാപനം നടത്തിയത്. സ്കൂൾ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്ന വിദേശ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഇറ്റാലിയൻ ഭാഷ പഠിക്കുന്നത് നിർബന്ധമാക്കുന്ന വ്യവസ്ഥയും പുതിയ ബില്ലിലുണ്ട്.

ഇറ്റലിയിലേക്ക് എത്തുന്ന കുടിയേറ്റക്കാർ ഇറ്റാലിയൻ ഭാഷ പഠിക്കുകയും, രാജ്യത്തിന്റെ സംസ്കാരം മനസ്സിലാക്കുകയും നിയമങ്ങളെ പൂർണ്ണമായി ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ടെന്നും, വിദേശികളെ സ്വീകരിക്കുന്നതിനുള്ള ഒരേയൊരു ശരിയായ രീതി ഇതാണെന്നും മെലോനി ചൂണ്ടിക്കാട്ടി. ശരീരം മുഴുവൻ മറയ്ക്കുന്ന ബുർഖയും കണ്ണുകൾ മാത്രം പുറത്തുകാണുന്ന നിഖാബും സ്കൂളുകളിൽ നിരോധിക്കുമെന്ന് അവർ വ്യക്തമാക്കിയെങ്കിലും, തലമുടി മറയ്ക്കുന്ന ഹിജാബിനെക്കുറിച്ച് പരാമർശിച്ചില്ല. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനപിന്തുണ ഉറപ്പിക്കാനുള്ള തീവ്ര വലതുപക്ഷ പശ്ചാത്തലമുള്ള മെലോണി സർക്കാരിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ഈ പുതിയ പ്രഖ്യാപനം.

സർക്കാർ അംഗീകാരം നൽകിക്കഴിഞ്ഞാൽ, ഈ പുതിയ നിർദ്ദേശങ്ങൾ നിയമമായി മാറുന്നതിനായി 60 ദിവസത്തിനകം ഇറ്റാലിയൻ പാർലമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഏറ്റവും കൂടുതൽ കാലം ഭരണത്തിൽ തുടരുന്ന ഇറ്റാലിയൻ സർക്കാരാണ് ജോർജിയ മെലോനിയുടെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് ഭരണകൂടം. കുടിയേറ്റ വിഷയങ്ങളിൽ എന്നും കടുത്ത നിലപാടുകൾ സ്വീകരിക്കുന്ന മെലോണിയുടെ പുതിയ പ്രഖ്യാപനം രാജ്യത്തിനകത്തും യൂറോപ്യൻ യൂണിയനിലും ഇതിനകം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.