നടിയും സഹോദരിയുമായ രാധ തനിക്കെതിരെ നൽകിയ ചെക്ക് തട്ടിപ്പ് പരാതി പൂർണ്ണമായും തള്ളി നടി അംബിക . വീട്ടിൽ സൂക്ഷിച്ചിരുന്ന പഴയ ചെക്കുകൾ കൈക്കലാക്കി 46 കോടി രൂപ പിൻവലിക്കാൻ ശ്രമിച്ചെന്നായിരുന്നു രാധയുടെ ആരോപണം. എന്നാൽ തങ്ങൾ തമ്മിലുണ്ടായിരുന്ന സ്വത്ത് തർക്കം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി രാധ തന്നെയാണ് ഈ ചെക്കുകൾ നൽകിയതെന്ന് അംബിക വ്യക്തമാക്കി. നൽകിയ ചെക്ക് മടങ്ങിയ സംഭവത്തിൽ രാധയ്ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അംബിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
വീട്ടിൽ ഓഫീസ് ആവശ്യങ്ങൾക്കായി ഒപ്പിട്ടു വച്ചിരുന്ന പഴയ അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് 46 കോടി രൂപ കൈക്കലാക്കാൻ അംബികയും സഹോദരൻ മല്ലികാർജുനും ശ്രമിച്ചെന്നാണ് രാധ ചെന്നൈ പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. വൽസരവാക്കത്തുള്ള വസതിയിൽ സൂക്ഷിച്ചിരുന്ന ചെക്കുകളാണ് ഇരുവരും എടുത്തതെന്ന് പരാതിയിലുണ്ട്.
ആർആർ ഗാർഡൻ സ്റ്റുഡിയോ എന്ന് പേര് മാറ്റിയ സ്ഥാപനത്തിന്റെ പഴയ എആർഎസ് ഗാർഡൻ സ്റ്റുഡിയോ എന്ന പേരിലുള്ള ചെക്കുകളാണ് തട്ടിയെടുത്തതെന്നും ഇത് ബാങ്കിൽ നൽകി പണം പിൻവലിക്കാൻ ശ്രമം നടന്നെന്നുമാണ് രാധയുടെ ആരോപണം. ബാങ്കിൽ നിന്നും വിവരം അറിയിച്ചപ്പോഴാണ് തട്ടിപ്പ് നടക്കാൻ പോയ കാര്യം താൻ അറിയുന്നതെന്നും രാധ കൂട്ടിച്ചേർത്തു.
എന്നാൽ തങ്ങൾക്കിടയിലെ സ്വത്ത് തർക്കം അവസാനിപ്പിക്കാൻ രാധ സ്വയം നൽകിയതാണ് ഈ ചെക്കുകളെന്നാണ് അംബികയുടെ വിശദീകരണം. മൂവരുടെയും പേരിലുണ്ടായിരുന്ന ‘എആർഎസ്’ ഗാർഡൻസുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കത്തിൽ, വ്യാജ രേഖകൾ ഉണ്ടാക്കി സ്വര്ണവും വട്ടിയൂർക്കാവിലുള്ള സ്ഥലവും ചെന്നൈയിലെ വസ്തുവും തട്ടിയെടുത്തതിന് മല്ലികാർജുന്റെ പരാതിയിൽ രാധയ്ക്കെതിരെ നിലവിൽ കേസുണ്ട്. യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ച് രാധ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അംബിക വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




