Spotlight

പച്ചക്കൊടി; നിയമോപദേശം ലഭിച്ചു: പിണറായിക്കെതിരെ അന്വേഷണം ഉറപ്പ്; പരിധിയിൽ റിയാസും വീണയും

തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ എന്നിവർക്കെതിരെ അഴിമതി നിരോധനനിയമപ്രകാരം അന്വേഷണം നടത്താമെന്ന് സംസ്ഥാന സർക്കാരിന് നിയമോപദേശം.

ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയ 25 പേജ് റിപ്പോർട്ടിലെ ശുപാർശ സംബന്ധിച്ചാണ് അഡ്വക്കേറ്റ് ജനറൽ (എ.ജി) ആഭ്യന്തരവകുപ്പിന് രേഖാമൂലം നിയമോപദേശം നൽകിയത്. മുഖ്യമന്ത്രിയായിരിക്കേ പിണറായി വിജയൻ സി.എം.ആർ.എൽ കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയതിന് പ്രതിഫലമായി മകൾ വീണയുടെ എക്സാലോജിക് കമ്പനി മുഖേന കോടികൾ കൈക്കൂലി വാങ്ങിയെന്ന ഗുരുതര ആരോപണമാണ് ഇ.ഡിയുടെ റിപ്പോർട്ടിലുള്ളത്. ഇതിൽ കഴമ്പുണ്ടെന്നും പുതിയ തെളിവുകളുടെയും രേഖകളുടെയും വെളിച്ചത്തിൽ സർക്കാരിന് നിയമാനുസൃതം അന്വേഷണവുമായി മുന്നോട്ട് പോകുന്നതിന് തടസ്സമില്ലെന്നും എ.ജി വ്യക്തമാക്കി. സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടിന് പുറമേ, കോടികളുടെ ബിനാമി സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളും ഇ.ഡി കൈമാറിയിട്ടുണ്ട്.

പ്രാഥമികവിവരശേഖരണത്തിന് ശേഷം ഏതുതരം അന്വേഷണമാണ് വേണ്ടതെന്ന് തീരുമാനിക്കാനുള്ള പൂർണാധികാരം വിജിലൻസിന് വിട്ടുനൽകണമെന്നും എ.ജി നിർദേശിച്ചു. സുപ്രീം കോടതി വിധികളടക്കം ഉദ്ധരിച്ചാണ് എ.ജിയുടെ നിയമോപദേശം. സംസ്ഥാന പോലീസ് മേധാവിയുടെ അഭിപ്രായവും നിയമോപദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.