Featured Sports

അഗാർക്കർക്ക് പകരക്കാരൻ പാർഥിവ് പട്ടേലോ? ‘ഞാൻ തയ്യാറാണ്, ഉടന്‍ വരുന്നു’: ചർച്ചകൾക്കിടെ പാർഥിവിന്റെ പോസ്റ്റ്!

അജിത് അഗാർക്കർക്ക് പകരം ബിസിസിഐയുടെ പുതിയ ചീഫ് സിലക്ടറായി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. അഗാർക്കറുടെ കരാർ കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ, അദ്ദേഹത്തിന് നീട്ടിനൽകാൻ ബോർഡ് ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ സ്ഥാനമൊഴിയാനാണ് സാധ്യത. നിലവിൽ ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകനായ പാർഥിവ് പട്ടേൽ തന്നെയാണ് ഈ പദവിയിലേക്ക് മുന്നിൽ നിൽക്കുന്നതെന്നാണ് വിവരങ്ങൾ.

അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട് പാർഥിവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പ് വലിയ ചർച്ചയായിട്ടുണ്ട്. “നിങ്ങൾ സ്നേഹിച്ച കളി, അതിന് ഇത്രയും ബുദ്ധികൂർമത ആവശ്യമായിരുന്നുവെന്ന് നിങ്ങൾ അറിഞ്ഞിരുന്നില്ല” എന്ന വാചകത്തോടുകൂടിയ ഒരു വീഡിയോയാണ് അദ്ദേഹം എക്സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തത്. “ഉടൻ വരുന്നു, ഞാൻ തയ്യാറാണ്” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ പോസ്റ്റ്, അദ്ദേഹം സിലക്ഷൻ കമ്മിറ്റി തലവനാകുന്നതിന്റെ സൂചനയാണെന്ന് കരുതുന്ന ആരാധകർ ആശംസകളുമായി കമന്റ് ബോക്സിൽ എത്തിക്കഴിഞ്ഞു.

എന്നാൽ, ബിസിസിഐ സിലക്ഷൻ ചെയർമാൻ സ്ഥാനത്തെക്കുറിച്ചാണോ പാർഥിവിന്റെ പോസ്റ്റ് എന്നതിൽ വ്യക്തതയില്ല. ഇനി അഗാർക്കർക്ക് പകരക്കാരനായി പാർഥിവ് വരികയാണെങ്കിൽ തന്നെ അത് ഉടനടി സംഭവിക്കില്ല. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് അപേക്ഷകൾ ക്ഷണിച്ച ശേഷമേ ബിസിസിഐക്ക് അന്തിമ തീരുമാനമെടുക്കാൻ സാധിക്കൂ. മുൻപ് അജിത് അഗാർക്കറെ നിയമിച്ചപ്പോഴും ഇതേ രീതി തന്നെയാണ് ബോർഡ് പിന്തുടർന്നത്.

വിവിധ സംസ്ഥാന അസോസിയേഷൻ പ്രതിനിധികളും മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി (ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ), മുൻ പേസർ വെങ്കിടേഷ് പ്രസാദ് (കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ) തുടങ്ങിയ പ്രമുഖരും ബിസിസിഐയുടെ 95-ാമത് വാർഷിക പൊതുയോഗത്തിൽ പങ്കെടുത്തു. സിലക്ഷൻ കമ്മിറ്റികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ഭാരവാഹികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് യോഗത്തിന് ശേഷം മുതിർന്ന ബിസിസിഐ ഭാരവാഹി വ്യക്തമാക്കുകയുണ്ടായി.