ന്യൂയോർക്ക്: ഇന്ത്യയിൽ മുസ്ലിങ്ങളുണ്ടാകരുത് എന്ന് വിശ്വസിക്കുന്ന ഒരാൾ യഥാർഥത്തിൽ ഹിന്ദുവല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ന്യൂയോർക്കിൽ നടന്ന ‘ഒരു ലോകം ഒരു മനുഷ്യത്വം’ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മാർഗങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘നിങ്ങൾ നിങ്ങളെ ഹിന്ദു എന്ന് വിളിക്കുന്നുണ്ടെങ്കിൽ, എല്ലാ മാർഗങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന് തിരിച്ചറിയണം. എല്ലാ മനുഷ്യർക്കും അന്തസ്സുണ്ട്. മനുഷ്യർ തമ്മിൽ ഒരു വേർതിരിവുമില്ല. മുൻപൊരിക്കൽ മറ്റൊരു ചടങ്ങിൽ സംസാരിക്കുമ്പോൾ അവിടെ ചില മുസ്ലിം സഹോദരങ്ങളും ഉണ്ടായിരുന്നു. അവർ എന്നോട് ഒരു ചോദ്യം ചോദിച്ചു. ‘നിങ്ങൾ ഒരു ഹിന്ദു സംഘടനയാണ്, ഹിന്ദു രാഷ്ട്രം വേണമെന്നാണ് ആവശ്യപ്പെടുന്നത്. അപ്പോൾ മുസ്ലിങ്ങളുടെ അവസ്ഥ എന്താകും? നിങ്ങൾ ഞങ്ങളെ പുറത്താക്കുമോ?’ എന്നായിരുന്നു ആ ചോദ്യം.
അപ്പോൾ ഞാൻ നൽകിയ മറുപടി ഇതാണ്: അല്ല, അതല്ല ഹിന്ദുത്വം. ഒരു ഹിന്ദു ഇന്ത്യയിൽ മുസ്ലിങ്ങൾ വേണ്ടെന്ന് ചിന്തിച്ചാൽ അയാൾ ഒരു യഥാർത്ഥ ഹിന്ദുവല്ല. മുൻപ് ഹരിയാനയിൽ രണ്ട് വിമാനങ്ങൾ കൂട്ടിമുട്ടി അപകടമുണ്ടായപ്പോൾ യാത്രക്കാരിൽ ഭൂരിഭാഗവും മുസ്ലിങ്ങളായിരുന്നു. ഞങ്ങളുടെ സ്വയംസേവകരാണ് അന്ന് അവിടെ ആദ്യം ഓടിയെത്തി എല്ലാവരെയും പരിചരിച്ചത്. വളരെക്കുറച്ചുപേർ മാത്രമാണ് അന്ന് രക്ഷപ്പെട്ടത്. പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുന്നതും മരിച്ചവരുടെ അന്ത്യകർമങ്ങൾക്ക് സഹായിക്കുന്നതും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും ചെയ്തത് ആർഎസ്എസ് പ്രവർത്തകരാണ്. ഞങ്ങൾക്കാർക്കും യാതൊരുവിധ വേർതിരിവുമില്ല.




