Crime

വിവാഹം കളറാക്കാന്‍ വരന്റെ വെടി, മണ്ഡപത്തിലിരുന്ന് 6 സെക്കൻഡിനുള്ളിൽ 16 എണ്ണം; കേസിൽ കുടുങ്ങി! വീഡിയോ

ലക്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ വിവാഹാഘോഷങ്ങൾക്കിടെ മണ്ഡപത്തിൽ നിന്ന് വരൻ വെടിയുതിർത്തു. ആഘോഷങ്ങൾക്കിടയിൽ തോക്കുപയോഗിച്ച് 16 തവണയാണ് യുവാവ് വെടിവച്ചത്.

2022-ൽ നടന്ന ഈ വിവാഹത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്. വിഡിയോ പുറത്തുവന്നതോടെ സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും പ്രതിക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിലുള്ള ഖുർജ സ്വദേശിയായ ഷാദാബ് ആണ് വിഡിയോയിലുള്ളതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസിന്റെ വിശദീകരണമനുസരിച്ച്, 2022-ൽ ഷാദാബിന്റെ വിവാഹച്ചടങ്ങിനിടെയാണ് ഈ വെടിവയ്പ് നടന്നത്. ആറ് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോയിൽ തലപ്പാവും ഷെർവാണിയും ധരിച്ച യുവാവ് പിസ്റ്റൾ ഉപയോഗിച്ച് തുടർച്ചയായി വെടിയുതിർക്കുന്നത് വ്യക്തമായി കാണാം. ഏകദേശം 15 മുതൽ 16 റൗണ്ട് വരെ ഇയാൾ വെടിവച്ചെന്നാണ് സംശയമെന്നും ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.