കറികളിലും ഗ്രേവികളിലും വേവിച്ചോ അല്ലാതെയോ സലാഡുകളിൽ പച്ചയായോ ഒക്കെ കഴിക്കുന്ന സവാള നമ്മുടെ ഭക്ഷണരീതിയുടെ അവിഭാജ്യ ഘടകമാണ്. എങ്കിലും ഒരു ശീലത്തിന്റെ ഭാഗമായി നമ്മളിൽ ഭൂരിഭാഗം പേരും ഇത് കഴിക്കുമ്പോൾ, ഇതിന്റെ പോഷകമൂല്യം തിരിച്ചറിയാതെ പോകുന്നു. ആന്റിഓക്സിഡന്റുകൾ, നാരുകൾ (fiber), അത്യാവശ്യ വൈറ്റമിനുകൾ, മിനറലുകൾ, ഉപകാരപ്രദമായ സസ്യ സംയുക്തങ്ങൾ എന്നിവ അടങ്ങിയ സവാള നമ്മൾ കരുതുന്നതിനേക്കാൾ കൂടുതൽ ആരോഗ്യഗുണങ്ങൾ നൽകാൻ ശേഷിയുള്ളതാണ്.
ഭക്ഷണത്തിന് രുചിയും മണവും നൽകാൻ ഉപയോഗിക്കുന്ന സാധാരണ പച്ചക്കറിയാണെങ്കിലും സവാളയിൽ ആന്റിഓക്സിഡന്റുകളും സസ്യ സംയുക്തങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും ഹൃദയാരോഗ്യത്തെയും പ്രതിരോധശേഷിയെയും പിന്തുണയ്ക്കാനും സവാള സഹായിക്കും. പ്രത്യേകിച്ച് ഇതിലടങ്ങിയിരിക്കുന്ന ‘ക്വെർസെറ്റിൻ’ എന്ന ഘടകം ജോയിന്റുകളിലും പേശികളിലുമുള്ള വീക്കം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നു.
ഭക്ഷണത്തിന് രുചി കൂട്ടാൻ പ്രധാനമായും ഉപയോഗിക്കുന്നുണ്ടെങ്കിലും സവാളയിൽ ഡയറ്ററി ഫൈബറും നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. ഒരു വലിയ സവാളയിൽ ഏകദേശം 2 മുതൽ 2.5 ഗ്രാം വരെ നാരുകൾ അടങ്ങിയിരിക്കുന്നു. ഒരു അനുബന്ധ പച്ചക്കറിയെ സംബന്ധിച്ചിടത്തോളം ഇത് വളരെ മികച്ച ഒരു അളവാണ്.
സവാളയ്ക്ക് സവിശേഷമായ കടുപ്പമുള്ള രുചി നൽകുന്നതും അരിയുന്ന സമയത്ത് കണ്ണിൽ നീറ്റലുണ്ടാക്കി കണ്ണുനീർ വരുത്തുന്നതും അതിലടങ്ങിയിരിക്കുന്ന സൾഫർ അടങ്ങിയ സംയുക്തങ്ങളാണ്. എന്നാൽ കണ്ണുകളിൽ വെള്ളം വരുത്തുന്നതിനപ്പുറം, ഈ പ്രകൃതിദത്ത സൾഫർ സംയുക്തങ്ങൾ കൊളസ്‌ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ പ്രധാന ആരോഗ്യഗുണങ്ങൾ നൽകുന്നു.
മറ്റ് പച്ചക്കറികൾ പലപ്പോഴും വൈറ്റമിനുകളുടെയും മിനറലുകളുടെയും പേരിൽ പ്രശംസിക്കപ്പെടുമ്പോൾ, സവാളയും പോഷകങ്ങളാൽ സമ്പന്നമാണെന്ന കാര്യം അത്ര പ്രശസ്തമല്ല. ഒരു സവാളയിൽ ഏകദേശം 30 കലോറി മാത്രമാണുള്ളതെങ്കിലും ഇത് നിങ്ങള്‍ക്ക് ധാരാളം വൈറ്റമിനുകളും മിനറലുകളും നൽകുന്നു. പ്രത്യേകിച്ച്, നിങ്ങളുടെ പ്രതിദിന ആവശ്യത്തിന്റെ 10 ശതമാനം വൈറ്റമിൻ സി, വൈറ്റമിൻ ബി6, കൂടാതെ 5 ശതമാനം പൊട്ടാസ്യം എന്നിവയും ഇത് നൽകുന്നുണ്ട്.




