Featured Lifestyle

ലെഗ് പീസും കിഴങ്ങുമുടച്ചതും ചേർത്തൊരു ‘ചിക്കൻ ഝാൽമുറി’ ; തട്ടുകടക്കാരന്റെ വെറൈറ്റി ഫുഡ് വിഡിയോ കണ്ടത് 2 കോടി – വൈറൽ വിഡിയോ!

ബംഗാളിന്റെ പരമ്പരാഗത എരിവുള്ള ലഘുഭക്ഷണമായ ‘ത്സാൽമുറി’യിൽ (Jhalmuri) വേറിട്ട പരീക്ഷണവുമായി ഒരു തെരുവ് കച്ചവടക്കാരൻ. സാധാരണ കാണാറുള്ള ത്സാൽമുറിയിൽ നിന്ന് വ്യത്യസ്തമായി കോഴിയിറച്ചിയും അതിൻ്റെ ഗ്രേവിയും പൂർണ്ണമായ ഒരു ചിക്കൻ ലെഗ് പീസും ചേർത്തുള്ള ഈ പുതിയ രൂപത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ബംഗ്ലാദേശിലെ ഒരു തെരുവോരക്കടയിൽ നിന്നുള്ള ഈ വീഡിയോ ഇതിനോടകം രണ്ട് കോടിയിലധികം (20 Million) ആളുകളാണ് ഇൻസ്റ്റാഗ്രാമിൽ കണ്ടത്.

വലിയൊരു പാത്രത്തിൽ പൊരി (Puffed rice) എടുത്ത ശേഷം അതിലേക്ക് സാധാരണ ചേർക്കാറുള്ള പച്ചമുളക്, സവാള, കടുക് എണ്ണ എന്നിവയ്ക്ക് പുറമെ ധാരാളം ചിക്കൻ ഗ്രേവി ഒഴിച്ചാണ് ഇത് തയ്യാറാക്കുന്നത്. തുടർന്ന് തക്കാളി, മല്ലിയില, പച്ചച്ചട്ണി, മധുരച്ചട്ണി, ഉടച്ച ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത് നന്നായി ഇളക്കുന്നു. ഒടുവിലാണ് ഏറ്റവും അത്ഭുതപ്പെടുത്തുന്ന ചേരുവ കൂട്ടിച്ചേർക്കുന്നത്. പാത്രത്തിലേക്ക് വെക്കുന്ന ഒരു മുഴുവൻ ചിക്കൻ ലെഗ് പീസ് ഉടച്ച് പൊരിയുമായി നന്നായി സമീകരിച്ച് കലർത്തുന്നു. ലളിതമായ ഒരു ലഘുഭക്ഷണത്തെ കനത്ത ഒരു വിഭവമാക്കി മാറ്റിയാണ് പേപ്പർ കപ്പുകളിൽ സവാളയും മല്ലിയിലയും വിതറി ഉപഭോക്താക്കൾക്ക് നൽകുന്നത്.

“ബംഗ്ലാദേശിലെ അത്ഭുതപ്പെടുത്തുന്ന ചിക്കൻ ലെഗ് പീസ് ത്സാൽമുറി” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇത് വൃത്തിയോടെയാണ് തയ്യാറാക്കുന്നതെന്നും കണ്ട് കൊതിയാകുന്നുവെന്നും ചിലർ കുറിച്ചപ്പോൾ “ബംഗ്ലാദേശികളുടെ ബിരിയാണി” എന്നാണ് മറ്റു ചിലർ തമാശയായി വിശേഷിപ്പിച്ചത്. എന്നാൽ വയറിന് അസ്വസ്ഥതയുള്ളവർക്ക് കഴിക്കാൻ പറ്റിയ വിഭവമല്ല ഇതെന്നും, പരമ്പരാഗത ഭക്ഷണങ്ങളിലെ ഇത്തരം പരീക്ഷണങ്ങൾ അനാവശ്യമാണെന്നും അഭിപ്രായപ്പെടുന്നവരും കുറവല്ല.