Featured The Origin Story

ഹൈദരാബാദ് എങ്ങനെ ഇന്ത്യൻ യൂണിയന്റെ ഭാഗമായി? നിസാമിന്റെ പിടിവാശിയെ തകര്‍ത്ത സർദാർ പട്ടേലിന്റെ മാസ്റ്റർ പ്ലാൻ !

1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഉടനടി സ്വതന്ത്ര ഭാരതത്തിന്റെ ഭാഗമായിരുന്നില്ല. അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയിലോ പാകിസ്ഥാനിലോ ലയിക്കാൻ തയ്യാറായെങ്കിലും ഹൈദരാബാദ് മാത്രം മാറിനിന്നു. ഇന്ത്യയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്തിരുന്ന, ഏറ്റവും വലിയ സമ്പന്ന നാട്ടുരാജ്യമായ ഹൈദരാബാദിലെ ഭരണാധികാരി നിസാം മിർ ഉസ്മാൻ അലി ഖാന് സ്വതന്ത്ര രാജ്യമായി തുടരാനായിരുന്നു ആഗ്രഹം. ഭൂരിപക്ഷം വരുന്ന ഹൈന്ദവ ജനവിഭാഗത്തെയായിരുന്നു ഒരു മുസ്ലിം ഭരണാധികാരിയായ നിസാം ഭരിച്ചിരുന്നത്.

1947 നവംബറിൽ ഇന്ത്യയുമായി ഒരു വർഷത്തേക്ക് നിലവിലുള്ള സ്ഥിതി തുടരാനുള്ള കരാറിൽ നിസാം ഒപ്പുവെച്ചെങ്കിലും, പിന്നാമ്പുറത്ത് സംഘർഷങ്ങൾ പുകയുകയായിരുന്നു. കാസിം റസ്വി നയിച്ച ‘റസാക്കർമാർ’ എന്നറിയപ്പെടുന്ന തീവ്രവാദി ആർമി ഹൈദരാബാദിനെ ഇന്ത്യയിൽ ചേരുന്നതിനെതിരെ ഗ്രാമങ്ങളിലും ജനങ്ങൾക്കിടയിലും കടുത്ത അക്രമങ്ങൾ അഴിച്ചുവിട്ടു. ക്രമസമാധാനം പൂർണ്ണമായി തകർന്നതോടെ, അന്നത്തെ ആഭ്യന്തര മന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേൽ ഹൈദരാബാദിനെ “ഇന്ത്യയുടെ വയറ്റിലെ അർബുദം” എന്ന് വിശേഷിപ്പിക്കുകയും അടിയന്തര നടപടിക്ക് ഉത്തരവിടുകയും ചെയ്തു.

1948 സെപ്റ്റംബർ 13-ന് ‘ഓപ്പറേഷൻ പോളോ’ എന്ന് പേരിട്ട സൈനിക നടപടിയിലൂടെ ഇന്ത്യൻ സൈന്യം ഹൈദരാബാദിലേക്ക് പ്രവേശിച്ചു. വെറും അഞ്ച് ദിവസത്തിനുള്ളിൽ, അതായത് സെപ്റ്റംബർ 17-ന് വൈകുന്നേരത്തോടെ നിസാമിന്റെ സൈന്യവും റസാക്കർമാരും കീഴടങ്ങാൻ നിർബന്ധിതരായി. നിസാം ഇന്ത്യയുമായി ലയന കരാറിൽ ഒപ്പുവെക്കുകയും ഹൈദരാബാദ് ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമാവുകയും ചെയ്തു.

എന്നാൽ ഈ വിജയത്തിന് കനത്ത വില നൽകേണ്ടി വന്നിരുന്നു. കീഴടങ്ങലിന് ശേഷമുണ്ടായ വർഗ്ഗീയ കലാപങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായി പണ്ഡിറ്റ് സുന്ദർലാൽ കമ്മിറ്റി റിപ്പോർട്ട് ചെയ്തു. അതുകൊണ്ടുതന്നെ ഈ ദിവസത്തെ ചിലർ ‘ഹൈദരാബാദ് വിമോചന ദിനം’ എന്നും മറ്റു ചിലർ ‘ലയന ദിനം’ എന്നും ഇന്നും വ്യത്യസ്തമായി വീക്ഷിക്കുന്നു. എങ്കിലും, ഒരു സ്വതന്ത്ര രാജ്യമാകാൻ ശ്രമിച്ച വലിയൊരു നാട്ടുരാജ്യം വെറും 100 മണിക്കൂർ കൊണ്ട് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാഗമായി മാറി എന്നത് ചരിത്രസത്യമാണ്.