ന്യൂഡൽഹി ∙ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാൻ യുദ്ധവിമാനത്തെ ധീരമായി പിന്തുടർന്നു തുരത്തിയ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ ഇനി യാത്രാവിമാനങ്ങളുടെ കോക്പിറ്റിലേക്ക്. വ്യോമസേനയിലെ നീണ്ട സേവനത്തിനു ശേഷം, മലയാളിയായ മനോജ് ചാക്കോ സ്ഥാപിച്ച ‘ഫ്ലൈ91’ എന്ന എയർലൈൻ കമ്പനിയിലാണ് അദ്ദേഹം പൈലറ്റായി ചേർന്നത്. എടിആർ 72–600 ടർബോപ്രോപ്പ് വിഭാഗത്തിൽപ്പെട്ട വിമാനങ്ങളാണ് അദ്ദേഹം ഇനി പ്രവർത്തിപ്പിക്കുക.
പാക്കിസ്ഥാന്റെ അത്യാധുനിക എഫ് 16 യുദ്ധവിമാനത്തെ 2019 ഫെബ്രുവരി 27-നാണ് മിഗ് 21 ബൈസൺ വിമാനത്തിൽ കുതിച്ചെത്തിയ അഭിനന്ദൻ വെടിവെച്ചിട്ടത്. ഈ പോരാട്ടത്തിനിടയിൽ സ്വന്തം വിമാനത്തിൽനിന്ന് ഇജക്ട് ചെയ്യേണ്ടിവന്ന അദ്ദേഹത്തെ പരുക്കുകളോടെ പാക്കിസ്ഥാൻ സൈന്യം തടവിലാക്കി. തുടർന്ന് ശക്തമായ നയതന്ത്ര ഇടപെടലുകൾക്കൊടുവിൽ മാർച്ച് ഒന്നിനാണ് അദ്ദേഹം മോചിതനായി ഇന്ത്യയിലെത്തിയത്.
ഈ സംഭവത്തിനു പിന്നാലെ സൈനിക നിയമങ്ങൾ അനുസരിച്ച് യുദ്ധവിമാന പൈലറ്റ് സ്ഥാനത്തുനിന്ന് അദ്ദേഹത്തെ താൽക്കാലികമായി മാറ്റിനിർത്തിയിരുന്നു. പിന്നീട് ആവശ്യമായ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം അതേവർഷം സെപ്റ്റംബറിലാണ് വീണ്ടും പറക്കാൻ അനുമതി നൽകിയത്. വിങ് കമാൻഡറായിരുന്ന അഭിനന്ദന് 2021-ലാണ് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ചത്.




