ഭാവിയിൽ മനുഷ്യർക്ക് ഭൂമിക്ക് പുറത്ത് എങ്ങനെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കും എന്ന് വ്യക്തമാക്കുന്ന ‘ഭീം’ (B.H.E.E.M.) എന്ന ആശയം പങ്കുവെച്ച് ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല. ഭാരതീയ ഹാബിറ്റബിൾ എക്സ്പാൻഡബിൾ എക്സ്ട്രാടെറസ്ട്രിയൽ ഹാബിറ്റാറ്റ് (Bharatiya Habitable Expandable Extraterrestrial Habitat) എന്നതിന്റെ ചുരുക്കെഴുത്താണ് ‘ഭീം’. ബഹിരാകാശ യാത്രാ പരിശീലനത്തിന്റെ ഭാഗമായുള്ള പഠനത്തിനിടയിലാണ് ഇങ്ങനെയൊരു ആശയം രൂപപ്പെട്ടതെന്നും ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ അലോക് ലാബിലാണ് ഇത് വികസിപ്പിച്ചതെന്നും ശുക്ല വ്യക്തമാക്കി.
റഷ്യയിലെ പരിശീലനത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ശുക്ലയും മറ്റ് ബഹിരാകാശ യാത്രികരും തങ്ങളുടെ പരിശീലനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. റോക്കറ്റുകളെക്കുറിച്ചും ഓർബിറ്റൽ മോഡ്യൂളുകളെക്കുറിച്ചും പഠിക്കുന്നതിനൊപ്പം കഠിനമായ ശാരീരിക പരിശീലനങ്ങളും ഇവർ പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് ഉപകരിക്കുന്ന രീതിയിൽ ഗവേഷണങ്ങൾ നടത്താനും ഇവരെ പ്രോത്സാഹിപ്പിച്ചിരുന്നു.
ബഹിരാകാശത്തെ മനുഷ്യവാസ കേന്ദ്രങ്ങളെക്കുറിച്ചാണ് ശുക്ല പഠിക്കാൻ തിരഞ്ഞെടുത്തത്. ബഹിരാകാശ പേടകങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം മറ്റ് ഗ്രഹങ്ങളിലെത്തിയാൽ മനുഷ്യർക്ക് എവിടെ താമസിക്കാൻ സാധിക്കും എന്നതിനെക്കുറിച്ചാണ് അദ്ദേഹം പഠിച്ചത്. ചന്ദ്രനിലും ചൊവ്വയിലും ഭൂമിക്ക് പുറത്തുള്ള മറ്റ് ലോകങ്ങളിലും മനുഷ്യജീവൻ നിലനിർത്താനും ജോലികൾ ചെയ്യാനും സഹായിക്കുന്ന സാങ്കേതികവിദ്യകളാണ് അദ്ദേഹത്തിന്റെ ഗവേഷണ വിഷയമായത്.
ഭൂമിക്ക് പുറത്ത് മനുഷ്യന്റെ സ്ഥിരമായ സാന്നിധ്യം ഉറപ്പാക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ശുക്ല ചൂണ്ടിക്കാട്ടി. വികിരണങ്ങൾ (Radiation), കടുത്ത ചൂടും തണുപ്പും, ജീവൻ നിലനിർത്താനുള്ള സംവിധാനങ്ങൾ, ഊർജ്ജ ആവശ്യങ്ങൾ, അന്യഗ്രഹങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാന തടസ്സങ്ങൾ. വിവിധ രാജ്യങ്ങളും ബഹിരാകാശ ഏജൻസികളും ദൈർഘ്യമേറിയ ദൗത്യങ്ങൾക്ക് തയ്യാറെടുക്കുമ്പോൾ ബഹിരാകാശ യാത്രികർ എവിടെ താമസിക്കും എന്ന ചോദ്യത്തിന് വലിയ പ്രാധാന്യമുണ്ട്.
സ്ഥിരമായ താമസകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഇതിനായുള്ള ഗവേഷണങ്ങൾ ആരംഭിക്കണമെന്ന് ശുക്ല ഊന്നിപ്പറഞ്ഞു. “ഇനി ഒരു 20 വർഷത്തിന് ശേഷം മനുഷ്യൻ ഭൂമിക്ക് പുറത്ത് ജീവിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നുവെങ്കിൽ, അതിന്റെ ജോലികൾ 20 വർഷത്തിന് ശേഷം തുടങ്ങാൻ കഴിയില്ല; അത് ഇന്നേ ആരംഭിക്കണം,” അദ്ദേഹം തന്റെ എക്സ് (X) പോസ്റ്റിൽ കുറിച്ചു. ഇതിനായുള്ള ആദ്യ പടി നിർമ്മാണ പ്രവർത്തനങ്ങളല്ലെന്നും, അത്തരമൊരു താമസകേന്ദ്രം എങ്ങനെയിരിക്കുമെന്ന് ഭാവനയിൽ കാണുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




