ഭോപാൽ: കർണാടകയിലെ മാളിൽ ജോലി ചെയ്തിരുന്ന ഇരുപത്തൊന്നുകാരിയെ അച്ഛനും അമ്മാവനും ചേർന്ന് ദാരുണമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ദാബ്ര നിവാസിയായ നന്ദിനി യാദവാണ് കൊല്ലപ്പെട്ടത്. അന്യസംസ്ഥാനത്ത് ജോലിക്കു പോയതും തലമുടി മുറിച്ചതും കുടുംബത്തിന് ഒട്ടും ഇഷ്ടമായിരുന്നില്ല. കൂടാതെ, ജോലിസ്ഥലത്തു പരിചയപ്പെട്ട യുവാവിനെ രക്ഷാബന്ധൻ ആഘോഷത്തിനായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതും വീട്ടുകാരുടെ എതിർപ്പിന് കാരണമായി. എന്നാൽ ആ യുവാവ് തനിക്ക് സഹോദരനെപ്പോലെയാണെന്നാണ് നന്ദിനി പറഞ്ഞിരുന്നത്.
നന്ദിനിയെ പിതാവ് ഭഗവാൻ സിങ് യാദവും അമ്മാവൻ സന്തോഷ് സിങ് യാദവും ചേർന്നാണ് കൊലപ്പെടുത്തിയത്. ഈ സമയത്ത് പെൺകുട്ടിയുടെ അമ്മയെയും സഹോദരിയെയും ഇവർ മറ്റൊരു മുറിയിൽ പൂട്ടിയിട്ടിരുന്നു. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നന്ദിനിക്കൊപ്പം എത്തിയ യുവാവിനെയും പ്രതികൾ ആക്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
മുടി വെട്ടി ചെറുതാക്കി അന്യസംസ്ഥാനത്തു പോയി ജോലി ചെയ്ത് കുടുംബത്തിന് നാണക്കേടുണ്ടാക്കി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. നന്ദിനിയുടെ തല ചുമരിലിടിക്കുകയും വടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്ത പ്രതികൾ ഒടുവിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കടന്നുകളയുകയായിരുന്നു. ബഹളം കേട്ടെത്തിയ അയൽക്കാരാണ് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയത്.




