Oddly News

നേപ്പാൾപ്രളയം കഴിഞ്ഞപ്പോൾ ബിഹാറിൽ മത്സ്യങ്ങൾക്ക് അസാധാരണ വലുപ്പം; കഴിക്കരുതെന്ന് ബിഹാറിൽ ജാഗ്രതാ നിർദേശം! വീഡിയോ

നേപ്പാളിലെ കനത്ത മിന്നൽ പ്രളയത്തിൽ മരണസംഖ്യ ആയിരത്തോട് അടുക്കുന്നതിനിടെ അയൽസംസ്ഥാനമായ ബിഹാർ പുതിയൊരു ഭീഷണി നേരിടുന്നു. നേപ്പാളിൽ നിന്നുള്ള വെള്ളപ്പൊക്കത്തിനൊപ്പം അസാധാരണ വലിപ്പത്തിലുള്ള അപൂർവയിനം മത്സ്യങ്ങൾ അതിർത്തി കടന്ന് ബിഹാറിലേക്ക് ഒഴുകിയെത്തിയിരിക്കുകയാണ്. ഇത്തരം മത്സ്യങ്ങളെ ഭക്ഷിച്ച ചിലർക്ക് ശാരീരിക ബുദ്ധിമുട്ടുകളും അസുഖങ്ങളും ബാധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതേത്തുടർന്ന് പശ്ചിമ ചമ്പാരൻ ജില്ലയിലെ ബാഗഹ നിവാസികൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. ബാഗഹ എസ്ഡിഎം ചാന്ദ്‌നി കുമാരിയാണ് ജനങ്ങൾക്ക് ഈ മുന്നറിയിപ്പ് നൽകിയത്.

പ്രളയജലത്തോടൊപ്പം അന്യദേശങ്ങളിൽ നിന്നുള്ള അപൂർവ്വ ജലജീവികളും ഒഴുകിയെത്താനുള്ള സാധ്യത കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നദികളിൽ നിന്നും കുളങ്ങളിൽ നിന്നും മീനുകൾ സാധാരണ കാണപ്പെടാത്ത പുതിയ പ്രദേശങ്ങളിലേക്ക് ഒഴുക്കിക്കൊണ്ടുപോകപ്പെടാറുണ്ട്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബീഹാറിലേക്ക് നദികൾ വഴി പ്രളയജലം ഒഴുകിയെത്തുമ്പോൾ, അവിടുത്തെ ജലാശയങ്ങളിലെ ആവാസവ്യവസ്ഥയിലും വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിൽ, പ്രളയജലത്തിൽ നിന്ന് പിടിക്കുന്ന മീനുകളെ യാതൊരു കാരണവശാലും ഭക്ഷണമാക്കരുതെന്ന് ബീഹാർ മൃഗ സംരക്ഷണ-ക്ഷീരവികസന വകുപ്പ് മുന്നറിയിപ്പ് നൽകി.

വെള്ളപ്പൊക്ക സമയത്ത് മലിനജലം, ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങൾ, മറ്റ് മാലിന്യങ്ങൾ എന്നിവയുമായി മീനുകൾ സമ്പർക്കത്തിൽ വരാൻ വലിയ സാധ്യതയുണ്ട്. ഇത് മീനുകളിൽ ബാക്ടീരിയ, വൈറസ് തുടങ്ങിയ മാരകമായ രോഗാണുക്കൾ നിറയാൻ കാരണമാകുന്നു. ഇത്തരം മീനുകളെ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും.

നദികളിൽ ഇപ്പോഴും ജലനിരപ്പ് ഉയർന്ന നിലയിൽ തുടരുന്നതിനാലും പ്രളയജലത്തിൻ്റെ ഒഴുക്ക് മാറിക്കൊണ്ടിരിക്കുന്നതിനാലും, പുതിയ ഇനം മീനുകൾ ഇനിയും ഇവിടങ്ങളിലേക്ക് ഒഴുകിയെത്താൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അതിനാൽ, അപരിചിതമായ മീനുകളെ പിടിക്കാനോ ഉപയോഗിക്കാനോ മുതിരരുതെന്നും ഇവയെ കണ്ടെത്തിയാൽ ഉടൻ തന്നെ പ്രാദേശിക ഫിഷറീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ, പ്രളയജലത്തിൽ നിന്ന് പിടിക്കുന്ന മീനുകളുടെ വിൽപ്പനയും അധികൃതർ പൂർണ്ണമായി നിരോധിച്ചു. ഇത്തരം മീനുകൾ കഴിച്ച് ഛർദ്ദി, വയറിളക്കം, വയറുവേദന, തലകറക്കം അല്ലെങ്കിൽ ശ്വാസംമുട്ടൽ എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ ചികിത്സ തേടണമെന്നും നിർദ്ദേശമുണ്ട്.