ഡൽഹിയിലെ കശ്മീരി ഗേറ്റിന് സമീപം ഓടുന്ന ബസിനുള്ളിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. ആക്രമണത്തെ എതിർത്ത പെൺകുട്ടിയെ പ്രതികൾ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ഏകദേശം 47 കിലോമീറ്ററോളം ബസ് മുന്നോട്ട് ഓടിച്ചു കൊണ്ടുപോകുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നിന്നുള്ള പ്ലസ്വൺ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെൺകുട്ടി നോയിഡയിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. യാത്രയ്ക്കിടെ കനത്ത മഴയും ഇരുട്ടും കാരണം അബദ്ധത്തിൽ കുട്ടി പരീചൗക്കിൽ ഇറങ്ങാൻ ഇടയായി.
ഒറ്റപ്പെട്ട സ്ഥലത്ത് മഴയത്ത് പെട്ടുപോയ പെൺകുട്ടി അതുവഴി വന്ന ഒഴിഞ്ഞ സ്ലീപ്പർ ബസിന് കൈകാണിച്ച് സഹായം തേടുകയായിരുന്നു. നോയിഡ സെക്ടർ 63-ലേക്ക് പോകുകയാണെന്ന് വിശ്വസിപ്പിച്ച് ബസിൽ കയറ്റിയ ജീവനക്കാർ തുടർന്ന് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. എതിർത്തപ്പോൾ വധഭീഷണി മുഴക്കിയ പ്രതികൾ, രാത്രി വൈകി കശ്മീരി ഗേറ്റ് ബസ് ടെർമിനലിന് അടുത്തുള്ള റിങ് റോഡിൽ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ പിടി കൂടുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.




