Celebrity

‘പ്രായമായില്ലേ, ഷര്‍ട്ടില്ലാതെ ഫോട്ടോ ഇടുന്നത് ഒന്ന് നിര്‍ത്താമോ?’ മാധവനോട് ഭാര്യ, ഞാനത്ര ഹോട്ട് ഒന്നുമല്ലല്ലോയെന്ന് മറുപടി

സമൂഹമാധ്യമങ്ങളിൽ ഷർട്ട്‌ലെസ്‌ ചിത്രങ്ങൾ പങ്കുവെക്കുന്നതിൽ നിന്ന് ഭാര്യ തടഞ്ഞതായി നടൻ മാധവന്റെ വെളിപ്പെടുത്തൽ. ടെലിഗ്രാഫിന് മുൻപ് നൽകിയ അഭിമുഖത്തിലെ താരത്തിന്റെ പരാമർശങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. പ്രായത്തിന് അനുയോജ്യമായി പെരുമാറണമെന്ന് ഭാര്യ സരിത ഉപദേശിച്ചതോടെയാണ് ഇത്തരം ചിത്രങ്ങൾ പങ്കുവെക്കുന്നത് അവസാനിപ്പിച്ചതെന്ന് താരം വ്യക്തമാക്കുന്നു.

പ്രായത്തിന് ചേർന്ന രീതിയിൽ നടക്കാൻ ബുദ്ധിമുട്ടുണ്ടോ എന്നും ഷർട്ടില്ലാത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് നിർത്തിക്കൂടെ എന്നും ഭാര്യ ചോദിച്ചപ്പോൾ ആദ്യമൊന്നും അതിലെ കുഴപ്പം മനസ്സിലായിരുന്നില്ലെന്ന് മാധവൻ പറയുന്നു. എന്നാൽ എന്തിനായിരുന്നു താൻ അത്തരം ചിത്രങ്ങൾ പങ്കുവെച്ചിരുന്നതെന്ന് ഓർക്കുമ്പോൾ ഇപ്പോൾ അദ്ഭുതം തോന്നാറുണ്ടെന്നും, ആളുകൾ തന്നെയങ്ങ് മറന്നുപോകുമോ എന്ന ഭയം കൊണ്ടായിരിക്കാം അങ്ങനെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സ്ത്രീകൾക്ക് തന്നോട് ഇത്രയധികം പ്രിയം തോന്നുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്ന് അഭിമുഖത്തിൽ നടൻ പറയുന്നുണ്ട്. താൻ അത്രയധികം ഹോട്ടായ ആളൊന്നുമല്ലെന്നും എന്നാൽ ഹൃത്വിക് റോഷനെ കാണാൻ ഗ്രീക്ക് ദൈവത്തെപ്പോലെ ഉണ്ടെന്നും മാധവൻ ഓർമ്മിപ്പിക്കുന്നു. എന്നിട്ടും ആരാധകർ തനിക്ക് നൽകുന്ന ഈ സ്നേഹത്തിന് മുന്നിൽ നാണം തോന്നാറുണ്ടെന്നാണ് താരം വ്യക്തമാക്കുന്നത്.