Crime

ആറു പെണ്‍കുട്ടികളെ സെക്സ് റാക്കറ്റിന് വിറ്റ് കുടുംബം; രക്ഷപ്പെടുത്തി പൊലീസ്! രണ്ടു കുട്ടികൾക്ക് ലൈംഗിക രോഗങ്ങൾ!

രാജസ്ഥാനിലെ ഝാലവാറിൽ ഒരു കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത ആറ് പെൺകുട്ടികളെ പെൺവാണിഭ സംഘത്തിൽ നിന്ന് പോലീസ് രക്ഷപ്പെടുത്തി. 12 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികളെ സെക്സ് റാക്കറ്റിന് വിറ്റ ബന്ധുക്കൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു.

രക്ഷപ്പെടുത്തിയ ആറ് പേരിൽ അഞ്ച് പെൺകുട്ടികൾ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. കൂടാതെ, ഇതിൽ രണ്ട് കുട്ടികൾക്ക് ലൈംഗിക രോഗങ്ങൾ ഉള്ളതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രത്യേക ഗോത്രവിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ ഇടനിലക്കാർ മുഖേന സെക്സ് റാക്കറ്റിന് വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലിലാണ് ഈ ക്രൂരത പുറത്തുവന്നത്.

കുട്ടികളെ നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയ ശേഷം സുരക്ഷിതമായി ഷെൽട്ടർ ഹോമിലേക്ക് മാറ്റി. ലൈംഗിക രോഗങ്ങൾ ബാധിച്ച പെൺകുട്ടികൾക്ക് ആവശ്യമായ വൈദ്യസഹായവും പ്രതിരോധ കുത്തിവയ്പ്പുകളും നൽകിയതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.