Crime

ഓഫീസ്‌ ടാർഗറ്റ് പൂർത്തിയാക്കാത്തതിന് 200 സ്‌ക്വാട്‌സ് ശിക്ഷ; കുഴഞ്ഞുവീണ് യുവതി, ഗുരുതര ആരോഗ്യപ്രശ്നം

സ്ഥാപനത്തിലെ ഓഫീസ്‌ ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ യുവതിയോട് 200 സ്ക്വാറ്റുകൾ ചെയ്യാൻ ഉത്തരവിട്ട് കമ്പനി. ഇതിന്റെ പേരിൽ 200 സ്‌ക്വാട്ടുകൾ (squats) ചെയ്യാൻ നിർബന്ധിതയായ യുവതിയെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യാങ് എന്ന് പേരുള്ള യുവതി തൻ്റെ ആദ്യ ജോലിക്കായി അടുത്തിടെയാണ് സെജിയാങ് പ്രവിശ്യയിലെ ഹാംഗ്‌ഷൗവിലേക്ക് മാറിയത്. ജൂണിൽ ഒരു വായ്പാ സഹായ സ്ഥാപനത്തിൽ ഫിനാൻഷ്യൽ കൺസൾട്ടൻ്റായി ചേർന്ന അവരുടെ പ്രധാന ജോലി ഫോൺ വഴിയുള്ള വില്പനയായിരുന്നു.

ജീവനക്കാർക്കായി മാനേജർ ദിവസേന 200 കോളുകൾ ചെയ്യുക, ഒരു പുതിയ ഉപഭോക്താവിനെ ക്ഷണിക്കുക തുടങ്ങി കർശനമായ ടാർഗറ്റ് നിശ്ചയിച്ചിരുന്നു. ജൂലൈ 28-ന് ഈ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ, പരാജയപ്പെട്ട ഓരോ ടാർഗറ്റനും 100 സ്‌ക്വാട്ടുകൾ ചെയ്യുകയോ അല്ലെങ്കിൽ 50 യുവാൻ (ഏകദേശം 709 രൂപ) പിഴയടക്കുകയോ വേണമെന്ന് മാനേജർ ആവശ്യപ്പെട്ടു. പിഴയടക്കാൻ പണമില്ലാത്തതിനാൽ യുവതി 200 സ്‌ക്വാട്ടുകൾ ചെയ്യാൻ നിർബന്ധിതയാവുകയായിരുന്നു.

ഓഫീസിന് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് സ്‌ക്വാട്ടുകൾ ചെയ്യുന്നതിന്റെ വീഡിയോകൾ തെളിവായി ഇവർ സൂപ്പർവൈസർക്ക് അയച്ചു കൊടുത്തു. എന്നാൽ ശിക്ഷ പൂർത്തിയായതോടെ ഇവർക്ക് നടക്കാൻ പോലും കഴിയാത്തത്ര കഠിനമായ കാൽവേദന അനുഭവപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ആദ്യം ചികിത്സ തേടാതിരുന്ന ഇവർ, അഞ്ച് ദിവസത്തിന് ശേഷം മൂത്രത്തിന് കറുത്ത നിറം കണ്ടതോടെയാണ് ആശുപത്രിയിലെത്തിയത്.

പരിശോധനയിൽ ഇവർക്ക് ‘റാബ്ഡോമിയോലിസിസ്’ (rhabdomyolysis) എന്ന ഗുരുതരമായ രോഗാവസ്ഥയാണെന്ന് കണ്ടെത്തി. കഠിനമായ വ്യായാമം കാരണം പേശികൾ പെട്ടെന്ന് നശിക്കുകയും അവയിലെ ഘടകങ്ങൾ രക്തത്തിൽ കലരുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചിലപ്പോൾ മരണത്തിന് വരെ കാരണമാവുകയും ചെയ്യാം. ഭാഗ്യവശാൽ ഇവർക്ക് വൃക്കസ്തംഭനം ഉണ്ടായില്ല. ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചതിനെ തുടർന്ന് ഇവർ ജോലി രാജി വെച്ചു.

കമ്പനി തന്നെ പുറത്താക്കാൻ ശ്രമിച്ചതാണെന്ന് യാങ് ആരോപിച്ചു. ചികിത്സാച്ചെലവുകളും നഷ്ടപരിഹാരമായി 15,000 യുവാന് അടുത്ത് തുകയും ആവശ്യപ്പെട്ടെങ്കിലും കമ്പനി ഇത് നിരസിച്ചു. തുടർന്ന് യുവതി ഒരു പ്രാദേശിക ടെലിവിഷൻ പരിപാടിയെയും ലേബർ ഇൻസ്‌പെക്ഷൻ അതോറിറ്റിയെയും സമീപിച്ചു. തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി മാനേജർ സമ്മതിച്ചെങ്കിലും നഷ്ടപരിഹാരം നൽകാൻ തയാറായിട്ടില്ല. നിലവിൽ അധികൃതർ വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ചൈനയിലെ തൊഴിൽ നിയമപ്രകാരം ജീവനക്കാരെ ശാരീരികമായി ശിക്ഷിക്കുന്നത് കുറ്റകരമാണ്. ഈ സംഭവം ചൈനയിൽ തൊഴിലിടങ്ങളിലെ പീഡനങ്ങളെക്കുറിച്ചും അപ്രായോഗികമായ ടാർഗെറ്റുകളെക്കുറിച്ചും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.