ആന്ധ്രാപ്രദേശിലെ അമരാവതി വൺ ടൗൺ ഏരിയയിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയുടെ മർദനമേറ്റ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. പ്രണയ് തേജ എന്ന കുട്ടിയാണ് മരണപ്പെട്ടത്. ഗൃഹപാഠം ചെയ്യാത്തതിനാണ് അധ്യാപിക കുട്ടിയെ അടിച്ചതെന്ന് കുടുംബം ആരോപിച്ചു. കുഴഞ്ഞുവീണ കുട്ടിയെ കിങ് ജോർജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവിവരമറിഞ്ഞ് ആശുപത്രിയിൽ തടിച്ചുകൂടിയ ബന്ധുക്കൾ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു. അധ്യാപിക കുട്ടിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ഉണർന്ന മകൻ സ്കൂളിൽ പോകാൻ ഏറെ നിർബന്ധം പിടിച്ചതായി പിതാവ് പറഞ്ഞു. പൂർണ ആരോഗ്യവാനായിട്ടാണ് കുട്ടി സ്കൂളിലേക്ക് പോയതെന്നും അസാധാരണമായി ഒന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ദാരുണമായ വാർത്തയാണ് ഇവരെ തേടിയെത്തിയത്. ഉച്ചയോടെയാണ് മകന് എന്തോ സംഭവിച്ചുവെന്ന വിവരം ഭാര്യാസഹോദരന്റെ ജോലിസ്ഥലത്തുള്ളവർ ഫോണിലൂടെ അറിയിക്കുന്നത്. സ്കൂൾ അധികൃതരാരും തങ്ങളെ വിവരമറിയിച്ചില്ലെന്നും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നതായും പിതാവ് പറഞ്ഞു.
സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മകനെ ശകാരിക്കുകയും മുഖത്തടിക്കുകയും ചെയ്ത കാര്യം വ്യക്തമായതെന്ന് പിതാവ് പറഞ്ഞു. അട കിട്ടിയതിന് തൊട്ടുപിന്നാലെ കുട്ടി അധ്യാപികയുടെ ദേഹത്തേക്ക് കുഴഞ്ഞുവീഴുന്നത് സിസിടിവിയിൽ കാണാം. സംഭവമറിഞ്ഞ് റവന്യൂ ഡിവിഷനൽ ഓഫിസർ ദിലീപ് ചക്രവർത്തി ആശുപത്രി സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു.




