ബിജെപിയിൽ ചേർന്നതിനു പിന്നാലെ തന്റെ വരുമാനം പൂർണമായും നിലച്ചെന്നും സിനിമകൾ ഇല്ലാതായെന്നും സംവിധായകൻ രാമസിംഹൻ അബൂബക്കർ. പ്രതിവർഷം 15 ലക്ഷം രൂപ വരെ സമ്പാദിച്ചിരുന്ന തനിക്ക് പാർട്ടിയിൽ എത്തിയതോടെ കടുത്ത അവഗണനയാണു നേരിടേണ്ടി വന്നതെന്ന് ഒരു സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചു. ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ട് നടനും രാഷ്ട്രീയ നേതാവുമായ ദേവൻ ഇപ്പോൾ ഉന്നയിക്കുന്ന വിഷയങ്ങൾ താൻ വർഷങ്ങൾക്കു മുൻപേ പറഞ്ഞിട്ടുള്ളതാണെന്നും കാലം നീതി കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയിൽ വന്നതോടെ തന്റെ അന്നം മുട്ടിയെന്നും അതിനു മുൻപ് സ്റ്റുഡിയോയിൽ നിന്ന് വർഷം 10–15 ലക്ഷം രൂപയുടെ ജോലി ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ വർക്കുകൾ ലഭിക്കുന്നില്ലെന്നും രാമസിംഹൻ വ്യക്തമാക്കി. എല്ലാ ഉപകരണങ്ങളും തുരുമ്പെടുത്തു പോയെന്നും സംഘിയായതു കാരണം കഴിഞ്ഞ 15 വർഷത്തിനിടെ സിനിമകളൊന്നും ചെയ്യാൻ സാധിച്ചില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ദേശീയ തലത്തിൽ നരേന്ദ്ര മോദിയുടെ പ്രവർത്തനം കണ്ടാണ് പലരും വളരെ താൽപര്യത്തോടെ ബിജെപിയിലേക്ക് വരുന്നത് അല്ലാതെ കേരളത്തിലെ പ്രാദേശിക നേതാക്കളെ കണ്ടല്ലെന്ന് അദ്ദേഹം വിമർശിച്ചു. എന്നാൽ പാർട്ടിയിൽ എത്തുന്നതോടെ വരുന്നയാളുടെ ഉള്ളിലെ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും ആദ്യ ദിവസങ്ങളിൽ ഷാൾ അണിയിക്കാനും ഹസ്തദാനം നൽകാനും ഫോട്ടോ എടുക്കാനും ആളുകളുണ്ടാകുമെങ്കിലും പിന്നീട് ആരും തിരിഞ്ഞു നോക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കലാകാരനെന്ന നിലയിലും രാഷ്ട്രീയക്കാരനെന്ന നിലയിലും അർഹമായ ഇടം ലഭിക്കാത്തതിനാലും പാർട്ടിയിൽ തൊട്ടുകൂടായ്മ ഉള്ളതിനാലും 2023-ലാണ് രാമസിംഹൻ ബിജെപി വിട്ടത്.




