Oddly News

തെണ്ടുന്നതാണോ ലാഭം? സുഹൃത്തിനെ ഭിക്ഷക്കാരനാക്കി യൂട്യൂബര്‍; ഞെട്ടിച്ച് വരുമാനം, മാസം ലക്ഷങ്ങൾ- വീഡിയോ വൈറൽ

തെരുവിൽ ഭിക്ഷ യാചിക്കുന്ന ഒരാൾക്ക് ഒരു ദിവസം എത്ര രൂപ വരുമാനം ലഭിക്കുമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ വേറിട്ടൊരു പരീക്ഷണം നടത്തിയിരിക്കുകയാണ് ഉത്തരേന്ത്യൻ യൂട്യൂബറായ പുരുഷോത്തം വസിഷ്ഠും സുഹൃത്ത് സച്ചിനും. ഹരിദ്വാറിലെ കാവഡ് മേളയ്ക്കിടെ ഭിക്ഷാടകന്റെ വേഷമണിഞ്ഞാണ് ഇരുവരും വിഡിയോ ചിത്രീകരിച്ചത്. ദിവസം 1,000 മുതൽ 2,000 രൂപ വരെ പ്രതീക്ഷിച്ച സ്ഥാനത്ത് ദിവസാവസാനം വലിയൊരു തുകയാണ് ഇവർക്ക് ലഭിച്ചത്.

കീറിയ വസ്ത്രങ്ങൾ ധരിച്ച്, മുഖത്ത് കരിതേച്ച്, കൈയിലൊരു പാത്രവുമായാണ് സച്ചിൻ തെരുവിലിറങ്ങിയത്. ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കുന്നതിനായി കഴുത്തിൽ ക്യുആർ കോഡ് ബോർഡും തൂക്കിയിരുന്നു. എട്ടു മണിക്കൂർ നീണ്ട പരീക്ഷണത്തിനൊടുവിൽ 4,000 രൂപയോളം സമാഹരിക്കാൻ ഈ സംഘത്തിന് സാധിച്ചു.

തുടക്കത്തിൽ വരുമാനം വളരെ കുറവായിരുന്നു. ആദ്യത്തെ കുറച്ചു മണിക്കൂറുകളിൽ 130 രൂപ മാത്രമാണ് സച്ചിന് ലഭിച്ചത്. ഇതിൽ 40 രൂപ ക്യുആർ കോഡ് വഴി ലഭിച്ച ഡിജിറ്റൽ പേയ്മെന്റായിരുന്നു. അതിനിടെ, തെരുവിൽ സൺഗ്ലാസ് വിൽക്കുന്ന ഒരാൾ സച്ചിന് ഒരു ജോടി സൺഗ്ലാസ് സൗജന്യമായി നൽകുകയും ചെയ്തു.

ഭിക്ഷാടനത്തിനിടെ പ്രദേശത്തെ യഥാർത്ഥ ഭിക്ഷാടകരുമായും സച്ചിൻ സംസാരിക്കുകയുണ്ടായി. സ്വന്തം പേരോ മുൻകാല ജീവിതമോ പോലും ഓർത്തെടുക്കാൻ കഴിയാത്തവർ അക്കൂട്ടത്തിലുണ്ടെന്ന് ഇരുവരും വീഡിയോയിൽ പറയുന്നുണ്ട്. നാല് മണിക്കൂറിനുള്ളിൽ 800 രൂപ ലഭിച്ച ഭിക്ഷാടനം അവസാനിപ്പിച്ചപ്പോൾ ആകെ തുക 4,000 രൂപയിലെത്തി. ദിവസവും ഇത്രയും തുക ലഭിച്ചാൽ പ്രതിമാസം 1.2 ലക്ഷം രൂപ വരെ സമ്പാദിക്കാനാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.

എന്നാൽ ഭിക്ഷാടനം വിചാരിക്കുന്നത്ര എളുപ്പമല്ലെന്നും വലിയ ശാരീരിക-മാനസിക ആഘാതം സൃഷ്ടിക്കുന്ന ഒന്നാണെന്നും ഇരുവരും വ്യക്തമാക്കുന്നു. ദിവസം മുഴുവൻ ആളുകളെ സമീപിക്കാനുള്ള ഊർജ്ജം നിലനിർത്തുന്നത് അതികഠിനമാണെന്ന അനുഭവക്കുറിപ്പോടെയാണ് വിഡിയോ അവസാനിക്കുന്നത്.