റോഹിണി ഗുർജാറിന് രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (RAS) പരീക്ഷ പാസ്സായെന്നത് കേവലമൊരു അക്കാദമിക് നേട്ടം മാത്രമല്ല; വർഷങ്ങൾ നീണ്ട പോരാട്ടത്തിന്റെയും ദുഃഖത്തിന്റെയും ഉറച്ച തീരുമാനത്തിന്റെയും പ്രതിഫലമാണ്. രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷന്റെ RAS 2024 പരീക്ഷയിൽ MBC വിധവ വിഭാഗത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അജ്മീർ സ്വദേശിയായ റോഹിണിക്ക് രാജസ്ഥാൻ അക്കൗണ്ട്സ് സർവീസിലാണ് നിയമനം ലഭിച്ചിരിക്കുന്നത്.
2006-ൽ ബി.എ ബിരുദം പൂർത്തിയാക്കിയ റോഹിണി, സ്വന്തം ഗ്രാമമായ ഘൂഘ്രയിൽ നിന്ന് ബിരുദം നേടുന്ന ആദ്യ പെൺകുട്ടിയായി. പിതാവ് സൈന്യത്തിലായിരുന്നതിനാൽ വിവിധ സ്ഥലങ്ങളിലായിട്ടായിരുന്നു റോഹിണിയുടെ പഠനം. ബിരുദത്തിന് ശേഷം പഠനം നിർത്തിയ അവർ ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യാൻ തുടങ്ങി.
2011-ൽ വിവാഹിതയായ റോഹിണി 2013-ൽ ഒരു കുഞ്ഞിന് ജന്മം നൽകി. എന്നാൽ ഒരു പതിറ്റാണ്ടിനുശേഷം, 2021 ഫെബ്രുവരി 18-ന് ഹൃദയാഘാതത്തെ തുടർന്ന് രണ്ടുമാസത്തോളം ചികിത്സയിലായിരുന്ന ഭർത്താവ് മരണപ്പെട്ടതോടെ റോഹിണിയുടെ ജീവിതം തകിടം മറിഞ്ഞു.
ഭർത്താവിന്റെ മരണശേഷം ഭർതൃവീട്ടുകാരിൽ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും, ആൺകുട്ടിക്ക് പകരം രണ്ട് പെൺമക്കളുണ്ടായതിന് താൻ പരിഹാസങ്ങൾ നേരിട്ടതായും റോഹിണി പറഞ്ഞു. ഗ്രാമത്തിൽ കടുത്ത പാർശ്വവൽക്കരണമാണ് അവർക്ക് നേരിടേണ്ടി വന്നത്. ഭർത്താവിന്റെ മരണത്തിന് കാരണം റോഹിണിയാണെന്ന് ആരോപിച്ച് ചിലർ അവരെ മന്ത്രവാദിനിയെന്ന് വരെ വിളിച്ചു. “ആറുമാസത്തോളം ഞാൻ കടുത്ത വിഷാദത്തിലായിരുന്നു. കാര്യങ്ങളെല്ലാം എങ്ങനെയാണ് ഇത്ര പെട്ടെന്ന് മാറിയതെന്നും എന്റേയും മക്കളുടെയും കാര്യം ഇനി എങ്ങനെ നോക്കുമെന്നും എനിക്ക് മനസ്സിലായില്ല,” അവർ ഓർത്തെടുത്തു.
കഠിനമായ ആ ഘട്ടത്തിൽ സഹോദരൻ നരേന്ദ്ര ഗുർജാറും ഭർതൃമുത്തശ്ശി പുഷ്പാ ദേവിയുമാണ് റോഹിണിയെ സഹായിച്ചത്. 95 വയസ്സോളമുള്ള, ഔപചാരിക വിദ്യാഭ്യാസമില്ലാത്ത പുഷ്പാ ദേവിയാണ് റോഹിണിയോട് പഠനം പുനരാരംഭിക്കാൻ ആവശ്യപ്പെട്ടത്.
ഏകദേശം 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം, 2021 അവസാനത്തോടെ റോഹിണി വീണ്ടും പഠനത്തിലേക്ക് മടങ്ങിയെത്തുകയും മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുകയും ചെയ്തു. പരീക്ഷാ രീതികളെക്കുറിച്ച് അധികം ധാരണയില്ലായിരുന്നെങ്കിലും ഒരു കൈ നോക്കാൻ തന്നെ അവർ തീരുമാനിച്ചു. ആദ്യ ശ്രമത്തിൽ പ്രാഥമിക പരീക്ഷ പാസ്സായെങ്കിലും മെയിൻ പരീക്ഷയിൽ 10 മാർക്കിന്റെ കുറവു മൂലം യോഗ്യത നേടാനായില്ല.
2023-ൽ വീണ്ടും ശ്രമിക്കാൻ തീരുമാനിച്ച അവർ പഠനത്തിനായി ജയ്പൂരിലേക്ക് മാറി. മെയിൻ പരീക്ഷ 2024 ജനുവരിയിൽ നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും, പരീക്ഷയ്ക്ക് തൊട്ടുമുമ്പ് പുഷ്പാ ദേവി മരണപ്പെട്ടു. പിന്നീട് പരീക്ഷ ജൂലൈയിലേക്ക് മാറ്റിവെച്ചത് റോഹിണിക്ക് പഠിക്കാൻ കൂടുതൽ സമയം നൽകി.
എന്നാൽ മറ്റൊരു വൻ ദുരന്തം റോഹിണിയെ കാത്തിരിപ്പുണ്ടായിരുന്നു. പരീക്ഷയ്ക്ക് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, 2024 ജൂൺ 29-ന് റോഹിണിയുടെ 10 വയസ്സുള്ള മൂത്ത മകൾ പെട്ടെന്ന് അസുഖം ബാധിച്ച് മരണപ്പെട്ടു. മകളുടെ വേർപാട് റോഹിണിയെ തകർത്തു കളഞ്ഞു. പരീക്ഷ എഴുതേണ്ടതില്ല എന്ന് അവർ ആദ്യം തീരുമാനിച്ചു. “എന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരുന്നു. ഇനി നേടാൻ ഒന്നുമില്ലെന്ന് എനിക്ക് തോന്നി,” അവർ പറഞ്ഞു.
അടിയന്തിര ചടങ്ങുകൾക്ക് ശേഷം റോഹിണി സഹോദരനൊപ്പം അമ്മയുടെ വീട്ടിലേക്ക് പോയി. തൊട്ടുപിന്നാലെ റോഹിണിയും നാത്തൂനും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. മുഖത്തും കണ്ണുകൾക്കും പരിക്കേറ്റ റോഹിണി അഞ്ചുദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷം, പരീക്ഷ എന്തായാലും എഴുതണമെന്ന് കുടുംബം അവരെ നിർബന്ധിച്ചു. ഇളയ മകൾ ഭൂമിയെക്കുറിച്ച് ചിന്തിച്ചപ്പോൾ പരീക്ഷ എഴുതാൻ റോഹിണി തീരുമാനിക്കുകയായിരുന്നു. “എന്റെ ഇളയ മകളെ നോക്കിയപ്പോൾ എനിക്ക് ഈ പരീക്ഷ എഴുതണമെന്ന് തോന്നി. ജീവിതത്തിൽ ഞാൻ എന്തെങ്കിലും ആയാൽ മാത്രമേ എനിക്ക് അവളുടെ ഭാവി സുരക്ഷിതമാക്കാൻ കഴിയൂ,” അവർ പറഞ്ഞു.
ആ തീരുമാനം ഒടുവിൽ ഫലം കണ്ടു. റോഹിണി RAS പരീക്ഷ വിജയിക്കുകയും MBC വിധവ വിഭാഗത്തിൽ രണ്ടാം റാങ്ക് നേടി രാജസ്ഥാൻ അക്കൗണ്ട്സ് സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഇന്ന് തന്റെ ഇളയ മകളോടൊപ്പം ജീവിക്കുന്ന റോഹിണി, ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും മുന്നോട്ട് പോകാൻ സഹായിച്ചതിന് സഹോദരനോടും പരേതയായ പുഷ്പാ ദേവിയോടും നന്ദിയുള്ളവളാണ്.
റോഹിണിയെ സംബന്ധിച്ചിടത്തോളം ഈ നേട്ടം ഒരു സർക്കാർ ജോലി ലഭിച്ചതിനും അപ്പുറമാണ്. സ്ത്രീകളോടുള്ള യാഥാസ്ഥിതിക മനോഭാവങ്ങളെ ചോദ്യം ചെയ്യാനും പെൺകുട്ടികളെ വിദ്യാഭ്യാസത്തിലേക്ക് നയിക്കാനും അവർ ആഗ്രഹിക്കുന്നു. “യാഥാസ്ഥിതിക ചിന്താഗതികൾ മാറണം. പെൺകുട്ടികൾക്ക് പഠിക്കാനും മുന്നേറാനും അവസരം ലഭിക്കണം,” അവർ വ്യക്തമാക്കി.
ഭർത്താവിനെയും മകളെയും നഷ്ടപ്പെടുകയും സാമൂഹികമായി പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്ത സാഹചര്യങ്ങളിൽ നിന്ന് റോഹിണി നടത്തിയ ഈ തിരിച്ചുവരവ്, പെൺകുട്ടികളുടെ ജീവിതത്തിൽ വിദ്യാഭ്യാസവും നിശ്ചയദാർഢ്യവും എത്രത്തോളം പ്രധാനമാണെന്ന് തെളിയിക്കുന്നതാണ്.




