ഉത്തർപ്രദേശിലെ മീററ്റിൽ കാമുകിയുമൊത്ത് മൊമോസ് കഴിക്കാൻ പോയ ഭർത്താവിനെ ഭാര്യ കൈയോടെ പിടികൂടിയ സംഭവം ഒടുവിൽ വധശ്രമക്കേസിൽ കലാശിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് മയങ്ക് എന്നയാൾ തന്റെ കാമുകി മഹിയുമൊത്ത് മൊമോസ് കഴിക്കാനെത്തിയത്. എന്നാൽ ഈ സമയം മയങ്കിന്റെ ഭാര്യ സുനിത ഇവരെ നേരിട്ട് കാണുകയായിരുന്നു.
മറ്റൊരു സ്ത്രീക്കൊപ്പം ഭർത്താവിനെ കണ്ടതോടെ ദേഷ്യം വന്ന സുനിത കാറിന്റെ ജനലിൽ തട്ടാൻ തുടങ്ങി. ഇതോടെ പരിഭ്രാന്തനായ മയങ്ക് കാർ പൂട്ടി രക്ഷപ്പെടാൻ ശ്രമിച്ചു. സുനിത കാറിന് മുന്നിൽ കയറി ബോണറ്റിൽ കിടന്നെങ്കിലും മയങ്ക് വണ്ടി മുന്നോട്ട് എടുക്കുകയാണുണ്ടായത്.
“സഹോദരാ എന്നെ രക്ഷിക്കൂ…” എന്ന് സുനിത നിലവിളിച്ചുകൊണ്ട് വഴിയാത്രക്കാരോട് സഹായം അഭ്യർത്ഥിച്ചു. ഏകദേശം 100 മീറ്ററോളം ദൂരമാണ് സുനിതയെ കാറിന്റെ ബോണറ്റിലേറ്റിക്കൊണ്ട് മയങ്ക് വണ്ടിയോടിച്ചത്.
നാട്ടുകാർ തടിച്ചുകൂടുന്നത് കണ്ടതോടെ മയങ്കിന് കാർ നിർത്തേണ്ടി വന്നു. ഭർത്താവിനെതിരെ പീഡനം, സ്ത്രീധന പീഡനം, വഞ്ചന എന്നിവ ആരോപിച്ച് സുനിത പോലീസിൽ പരാതി നൽകി.
വാക്കുതർക്കത്തിന് ശേഷം ഭർത്താവ് ഭാര്യയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ വണ്ടി കയറ്റി കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും കോട്വാളി സർക്കിൾ ഓഫീസർ സംഗ്രാം സിംഗ് അറിയിച്ചു. സംഭവത്തിൽ മയങ്കിനെയും മഹിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന UP15ER3086 രജിസ്ട്രേഷൻ നമ്പറിലുള്ള ടൊയോട്ട അർബൻ ക്രൂയിസർ തൈസർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.




